കൊൽക്കത്ത: ഇന്ന് രാവിലെയാണ് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചത്. രണ്ടായിരം മുതൽ പതിനൊന്ന് വർഷക്കാലം ബംഗാളിനെ നയിച്ച അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. പാർട്ടിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട തേരോട്ടം ഇദ്ദേഹത്തിലൂടെ അവസാനിച്ചു.
1944 മാർച്ച് ഒന്നിന് കൊൽക്കത്തയിൽ ജനിച്ച ബുദ്ധദേവ് ഭട്ടാചാര്യ 1966 ലാണ് സി പി എമ്മിൽ ചേരുന്നത്. 1977ൽ ആദ്യമായി കൊസിപൂരിൽ നിന്ന് നിയമസഭയിലെത്തി. 1985ൽ കേന്ദ്ര കമ്മിറ്റിയംഗവും രണ്ട് വർഷത്തിനിപ്പുറം മന്ത്രിക്കസേരയിലുമെത്തി.
ആദ്യ തവണ മുഖ്യമന്ത്രിയായപ്പോൾ പശ്ചിമ ബംഗാളിൽ ഉടനീളം വ്യാവസായിക വളർച്ചയ്ക്കും ഐ ടി മേഖലയ്ക്കും പ്രചോദനം നൽകുന്ന നിരവധി പരിഷ്‌കാരങ്ങൾ ഭട്ടാചാര്യയുടെ ഭാഗത്തുനിന്നുണ്ടായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബംഗാളിലെ ഐ ടി മേഖല 2001നും 2005നും ഇടയിൽ 70 ശതമാനം വളർച്ച കൈവരിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് വിപ്രോ ചെയർമാൻ അസിം പ്രേംജി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
എന്നിരുന്നാലും അദ്ദേഹം രണ്ടാം തവണ മുഖ്യമന്ത്രി കസേരയിലെത്തിയപ്പോൾ വ്യവസായവൽക്കരണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് കാര്യമായ തിരിച്ചടികൾ നേരിട്ടു. നന്ദിഗ്രാമിൽ നിന്ന് കെമിക്കൽ ഹബ്ബിനെതിരെ പ്രതിഷേധമുയർന്നു. സംസ്ഥാന സർക്കാരിന് വലിയ എതിർപ്പ് നേരിടേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട് 2007 മാർച്ച് 14 ന് നടന്ന പൊലീസ് വെടിവെപ്പിൽ 14 പ്രതിഷേധക്കാർ മരിച്ചു. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.
സിംഗൂരിൽ വ്യവസായി രത്തൻ ടാറ്റയുടെ നാനോ കാർ പദ്ധതിയും ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കാരണം ഇല്ലാതായി. പശ്ചിമ ബംഗാളിൽ സി പി എമ്മിന്റെ ആധിപത്യം കുറയാൻ ഈ സംഭവങ്ങൾ കാരണമായി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 184 സീറ്റുകൾ നേടി, സിപിഎമ്മിന് 40 സീറ്റാണ് ലഭിച്ചത്.
ഇത്രയും വെല്ലുവിളികൾ ഉണ്ടായെങ്കിലും വികസന പ്രവർത്തനങ്ങളിലൂടെ ഭട്ടാചാര്യ പശ്ചിമ ബംഗാളിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. എന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഊന്നിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
2011ൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ സത്യവാങ്മൂലത്തിൽ, പാർട്ടിയിലെ പല സഹപ്രവർത്തകരെയും പോലെ തനിക്കും സ്വന്തമായി വീടോ കാറോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാലിഗംഗിലെ പാം അവന്യൂവിലെ സർക്കാർ നൽകിയ ഫ്ളാറ്റിലാണ് അദ്ദേഹവും ഭാര്യയും മകനും താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ മീര ഭട്ടാചാര്യ ഡെവലപ്‌മെന്റ് കൺസൾട്ടന്റ്സ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നു. അവർക്ക് രാജർഹട്ട് ന്യൂ ടൗണിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വീട് ഉണ്ടായിരുന്നു. ആകെ 31.15 ലക്ഷം രൂപയിലധികം ആസ്തിയുണ്ട്. 2009-10 ൽ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ വരുമാനമുണ്ടായിരുന്നപ്പോൾ, ഭാര്യയുടെ വരുമാനം 6.70 ലക്ഷം രൂപയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിന് ശേഷം, 2015ൽ പാർട്ടിക്കുള്ളിലെ എല്ലാ പ്രധാന ഉത്തരവാദിത്തങ്ങളിൽ നിന്നും ഭട്ടാചാര്യ പടിയിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |