കൊളംബോ: 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക (2-0). മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ ശേഷിച്ച രണ്ട് മത്സരങ്ങളിലും ആതിഥേയര്‍ വിജയിക്കുകയായിരുന്നു. മൂന്നാം മത്സരത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 26.1 ഓവറുകളില്‍ 138 റണ്‍സില്‍ അവസാനിച്ചു.
സ്‌കോര്‍: ശ്രീലങ്ക 248-7 (50), ഇന്ത്യ 138-10 (26.1)
249 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ നിരയില്‍ വെറും നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പതിവ് പോലെ മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയത്. 20 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സ് നേടി രോഹിത് ആണ് ടോപ് സ്‌കോറര്‍. വിരാട് കൊഹ്ലി 20(18) പരമ്പരയില്‍ മൂന്നാം തവണയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഏഴാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗ് 15(13), ഒമ്പതാമന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 30(25) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്.
ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ 6(14), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് 6(9), ശ്രേയസ് അയ്യര്‍ 8(7), അക്‌സര്‍ പട്ടേല്‍ 2(7), ശിവം ദൂബെ 9(14) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. 5.1 ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് കൊയ്തത്. മഹേഷ് തീക്ഷണ, ജെഫ്രെ വാണ്ടര്‍സെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും പേസര്‍ അസിത ഫെര്‍ണാന്‍ഡോ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ അവിഷ്‌ക ഫെര്‍ണാന്‍ഡോ 96(102), കുസാല്‍ മെന്‍ഡിസ് 59(82) എന്നിവരുടേയും പാത്തും നിസങ്ക 45(65) എന്നിവരുടേയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ 171ന് ഒന്ന് എന്ന അതിശക്തമായ നിലയില്‍ നിന്നാണ് ലങ്കയെ ഇന്ത്യ 248 റണ്‍സില്‍ ഒതുക്കിയത്. അരങ്ങേറ്റ മത്സരം കളിച്ച റിയാന്‍ പരാഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 3-0ന് വിജയിച്ചിരുന്നു. എന്നാല്‍ പരിശീലകന്‍ ഗംഭീറിന് കീഴിലുള്ള ആദ്യ ഏകദിന പരമ്പര ഇന്ത്യക്ക് മോശം പ്രകടനത്തിന്റേതായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |