ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബഡ്‌ജറ്റിന്റെ ഭാഗമായ ധനകാര്യ ബിൽ 45 ഭേദഗതികളോടെ ലോക്‌സഭ ശബ്‌ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം വാക്കൗട്ട് നടത്തി.
മണിബിൽ ആയതിനാൽ രാജ്യസഭയ്‌ക്ക് നിരസിക്കാനാവില്ല. ശുപാർശകളോടെ തിരിച്ചയയ്‌ക്കാം. 14 ദിവസത്തിനകം തിരിച്ചയച്ചില്ലെങ്കിൽ ബിൽ അംഗീകരിച്ചതായി കണക്കാക്കും.
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട കാപ്പിറ്റൽ ഗെയിൻ നികുതിയിൽ അടക്കമാണ് സർക്കാർ ഭേദഗതികൾ. ഭേദഗതി പ്രകാരം നികുതിദായകർക്ക് പുതിയ നികുതി നിരക്കിലേക്ക് മാറാനോ ഇൻഡെക്സേഷൻ ആനുകൂല്യം ഉൾപ്പെടുന്ന നിലവിലെ വ്യവസ്ഥയിൽ തുടരാനോ കഴിയും. 2024 ജൂലായ് 23ന് മുൻപ് വാങ്ങിയ വസ്‌തുക്കൾക്കാണ് ഇളവ്. ബഡ‌്‌ജറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ ദീർഘകാല കാപ്പിറ്റൽ ഗെയിൻ നികുതി 20 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി കുറച്ചിരുന്നു.
സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രേമചന്ദ്രന്റെ ഭേദഗതി
മെഡിക്കൽ ഇൻഷ്വറൻസിന് 18% ജി.എസ്.ടി ഏർപ്പെടുത്തിയത് ഒഴിവാക്കണമെന്ന എൻ.കെ.പ്രേമചന്ദ്രന്റെ ഭേദഗതി സ്‌പീക്കർ വായിക്കാതിരുന്നത് സഭയിൽ ബഹളത്തിനിടയാക്കി. ഭേദഗതി രാഷ്‌ട്രപതി അംഗീകരിച്ചില്ലെന്നായിരുന്നു ധനമന്ത്രിയുടെ വാദം. അംഗീകാരം നൽകാതെ ധനബിൽ എങ്ങനെ സഭയിലെത്തി എന്ന പ്രേമചന്ദ്രന്റെ ചോദ്യത്തിന് മന്ത്രിക്ക് ഉത്തരം മുട്ടി. സ്‌പീക്കർക്കും വിശദീകരണം നൽകാനായില്ല. പ്രേമചന്ദ്രന് പിന്തുണയുമായി പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം തുടങ്ങി. ഭേദഗതി സർക്കാർ ബോധപൂർവ്വം ഒഴിവാക്കിയെന്ന് ആരോപിച്ച് വാക്കൗട്ട് ചെയ്‌തു.
ജീവിതഭാരം കുറച്ചു: ധനമന്ത്രി
കേന്ദ്ര ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ നികുതി ലളിതമാക്കി മധ്യവർഗത്തിന്റെ ഉൾപ്പെടെ ജീവിത ഭാരം കുറച്ചെന്ന് ചർച്ചയ്‌ക്ക് മറുപടി പറഞ്ഞ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ബഡ്‌ജറ്റ് ശമ്പളക്കാരെയും ഇടത്തരക്കാരെയും സഹായിച്ചില്ലെന്നും സമ്പന്നർക്ക് ഗുണം ചെയ്യുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചതിന് മറുപടിയായിരുന്നു മന്ത്രിയുടെ പ്രസംഗം. നികുതിദായകന്റെ ഭാരം കുറച്ച് സുതാര്യവും നീതിയുക്തവുമാക്കാനാണ് മൂന്നാം ടേമിൽ മോദി സർക്കാർ ലക്ഷ്യമിടുന്നത്. ആദായ നികുതി പരിഷ്‌കാരം അടക്കം മധ്യവർഗത്തിന് നേട്ടമുണ്ടാക്കും. കുടുംബ പെൻഷൻ കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയത് നാല് കോടിയോളം ശമ്പളക്കാർക്കും പെൻഷൻകാർക്കും പ്രയോജനമാണ്. ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ ചെറുകിട ബിസിനസുകൾക്കുള്ള പണമൊഴുക്ക് മെച്ചപ്പെടുത്തും. മെഡിക്കൽ ഇൻഷ്വറൻസിന് 18% ജി.എസ്.ടി ഏർപ്പെടുത്തിയതിനെ പ്രതിപക്ഷം എതിർക്കുന്നത് കാര്യമറിയാതെയാണെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി വരുന്നതിന് മുൻപേ ആരോഗ്യ,മെഡിക്കൽ ഇൻഷ്വറൻസിന് നികുതിയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |