ന്യൂഡൽഹി: ബംഗ്ളാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയത് ഉടുതുണിക്ക് മറുതുണിയില്ലാതെയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് രാജ്യംവിടാൻ സൈന്യം ഷെയ്ഖ് ഹസീനയ്ക്ക് അനുവദിച്ചത് വെറും 45 മിനിറ്റ് മാത്രമായിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യംവിട്ടോടി ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്ന അവർ കൈയിൽ കിട്ടിയ അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്താണ് മിലിട്ടറി ട്രാൻസ്‌പോർട്ട് ജെറ്റിൽ ഇന്ത്യയിലേക്ക് വിട്ടത്.
ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് അവർക്കൊപ്പം ഉണ്ടായിരുന്ന ബംഗ്ളാദേശ് ഉദ്യോഗസ്ഥരാണ് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ സഹായിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകയറിയ പ്രക്ഷോഭകർ ഷെയ്ഖ് ഹസീനയുടെ സാരികളും അടിവസ്ത്രങ്ങളും വരെ കൈക്കലാക്കിക്കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാൻ തയ്യാറായി എത്തിക്കൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിൽ നിന്ന് ഷെയ്ഖ് ഹസീനയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് അവരോട് 45 മിനിട്ടിനുള്ളിൽ രാജ്യം വിടാൻ സൈനിക മേധാവി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. അധികസമയം രാജ്യത്തുനിന്നാൽ തന്റെ ജീവൻ അപകടത്തിലാവുമെന്ന് ഹസീനയ്ക്കും നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് കൈയിൽ കിട്ടിയ അത്യാവശ്യസാധനങ്ങൾ മാത്രമെടുത്ത് രാജ്യം വിടാൻ അവർ തയ്യാറായത്. പ്രധാനമന്ത്രി എന്നനിലയിലുള്ള ഹസീനയുടെ ഒരുത്തരവും പാലിക്കാൻ തങ്ങൾക്കാവില്ലെന്നും പിന്തുണ ഉണ്ടാവില്ലെന്നും സൈനിക മേധാവി വേക്കർ ഉസ്-സമാൻ അറിയിച്ചു. ഇതാേടെയാണ് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഹസീനയ്ക്ക് ബോധ്യപ്പെട്ടതും രാജ്യം വിടാൻ തയ്യാറായതും.
അതേസമയം, ഇന്ത്യയിൽ കഴിയുന്ന ഹസീനയും സഹോദരിയും ബ്രിട്ടനിൽ അഭയം തേടാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. ആ നിലയ്ക്ക് അഭയത്തിനായി മറ്റുചില രാജ്യങ്ങളെ സമീപിക്കാനുള്ള ശ്രമത്തിലാണ് ഹസീനയും കൂട്ടരും. ഹസീന കുറച്ചുനാൾ കൂടി ഇന്ത്യയിൽ തുടരുമെന്ന് മകൻ സജീബ് വാസേദ് പറയുകയും ചെയ്തു. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടാൻ ഹസീനയ്‌ക്കോ അവർക്ക് അഭയം നൽകാൻ ഇന്ത്യയ്‌ക്കോ വലിയ താത്പര്യമില്ലെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ബംഗ്ളാദേശിൽ നിന്നുള്ള മതമൗലികവാദികളുടേതുൾപ്പെടയുളള ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടേക്കാം എന്നതാണ് ഹസീനയുടെ പ്രധാന ഭീതി. ഹസീനയെ ഇന്ത്യയിൽ കൂടുതൽ കാലം താമസിപ്പിക്കുന്നത് ബംഗ്ളാദേശിലെ പുതിയ സർക്കാരിന്റെ എതിർപ്പിന് ഇടയാക്കിയേക്കുമെന്നും അവിടെയുളള ഹിന്ദുക്കൾ ഉൾപ്പടെയുളള മത ന്യൂനപക്ഷങ്ങളുടെ ജീവന് ഭീഷണിയായേക്കുമെന്നുമാണ് ഇന്ത്യ ഭയക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |