കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. ഇന്നുരാവിലെ കൊൽക്കത്തിയിൽ വച്ചായിരുന്നു അന്ത്യം. എൺപതുകാരനായ അദ്ദേഹം ഏറെനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ജ്യോതിബസുവിന് ശേഷം അധികാരമേറ്റ അദ്ദേഹം പതിനൊന്നുവർഷത്തോളം മുഖ്യമന്ത്രിയായിരുന്നു.
2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിചുമതലകളിൽനിന്ന് രാജിവച്ചിരുന്നു. 2019ലായിരുന്നു അദ്ദേഹം അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയെങ്കിലും 2011ൽ കനത്ത പരാജയം നേരിട്ടു. ബംഗാളിൽ സിപിഎം നാമാവശേഷമാകുന്നതിന്റെ തുടക്കമായിരുന്നു അത്.
1944 മാർച്ച് 1 ന് വടക്കൻ കൊൽക്കത്തയിൽ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ബുദ്ധദേവ് ജനിച്ചത്. പ്രസിഡൻസി കോളജിൽനിന്നു ബിരുദം നേടി. 1968ൽ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ബംഗാൾ സെക്രട്ടറിയായ അദ്ദേഹം 1971ൽ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ൽ കേന്ദ്ര കമ്മിറ്റി അംഗവുമായി. ഇടതുമുന്നണി ബംഗാൾ ഭരണം പിടിച്ചെടുത്ത 1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേവർഷം തന്നെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയാവുകയും ചെയ്തു.
ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് 2000 , നവംബറിൽ ബുദ്ധദേവ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ഇതിനൊപ്പം അദ്ദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായി. 2006-11 കാലത്ത് വ്യവസായങ്ങൾക്കായുള്ള കൃഷിഭൂമി ഏറ്റെടുക്കൽ നടപടി ബുദ്ധദേവ് സർക്കാരിനെതിരെ ജനരോഷം ശക്തമാക്കി.
ഇതിനെത്തുടർന്ന് ബുദ്ധദേവിനും ഇടതുമുന്നണിക്കും ബംഗാളിൽ കാലിടറി.തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വർഷങ്ങളോളം സംസ്ഥാനം ഭരിച്ച് സിപിഎം കേവലം 40 സീറ്റിൽ മാത്രം ഒതുങ്ങി. ജാദവ്പുരിൽ ബുദ്ധദേവും പരാജയപ്പെട്ടു. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പിബിയിൽ നിന്നു ഒഴിവായി.
മീര ഭട്ടാചാര്യയാണ് ഭാര്യ.സുചേതൻ ഭട്ടാചാരിയാണ് മകൻ. ലാളിത്യം മുഖമുദ്രയാക്കിയിരുന്നു ബുദ്ധദേവും കുടുംബവും കൊൽക്കത്തയിലെ ബാലിഗംഗിലെ രണ്ട് മുറികളുള്ള അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. കൊൽക്കത്തയിലെ തിയേറ്ററുകളിൽ നാടകവും സിനിമയും കാണാൻ അധികാരത്തിന്റെ ജാടകളൊന്നുമില്ലാതെ അദ്ദേഹം പതിവായി എത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് രീതികളും ലാളിത്യവും മുഖ്യമന്ത്രിയായിരുന്ന കാലത്തും തിരിച്ചടികൾ നേരിട്ട കാലത്തും കൈവിടാത്ത വ്യക്തിയായിരുന്നു ബുദ്ധദേബ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |