ന്യൂഡൽഹി: ഒളിമ്പിക്‌സ് ഫൈനലിലെ അയോഗ്യതയ്‌ക്ക് പിന്നാലെ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് ശശി തരൂർ എംപി. 'അവൾക്ക് ഈ വ്യവസ്ഥിതി മടുത്തു, അവൾക്ക് പോരാടി മടുത്തു' എന്നാണ് ശശി തരൂർ എക്‌സിൽ കുറിച്ചത്.
വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം നിരവധി രാഷ്‌ട്രീയ നേതാക്കൾ വിനേഷിനോട് തീരുമാനം പുനർവിചിന്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമെന്നാണ് വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് വിശേഷിപ്പിച്ചത്. നിങ്ങൾ തോറ്റിട്ടില്ല, രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് നിങ്ങൾക്കൊപ്പമുണ്ട് ' എന്നാണ് ഗൗരവ് സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചത്.
ഇന്ന് രാവിലെ തന്റെ എക്‌സ് പേജിലൂടെയായിരുന്നു വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്. 'എനിക്കെതിരായ മത്സരത്തിൽ ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. നിന്റെ സ്വപ്നങ്ങളും എന്റെ ധെെര്യവും തകർന്നു. എനിക്ക് ഇനി കരുത്തില്ല. ഗുഡ്ബെെ റസ്ലിംഗ് 2001 - 2024. നിങ്ങളോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കണം' എന്നാണ് വിനേഷ് കുറിച്ചത്.
ശരീര ഭാരം നൂറ് ഗ്രാം കൂടിയതിനാൽ വനിതകളുടെ 50കിലോ ഫ്രീസ്റ്റൈൽ ഫൈനലിന് വിനേഷിനെ ഇന്നലെ അയോഗ്യയാക്കിരുന്നു. പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ചരിത്ര ഫൈനലിൽ ഉറപ്പായിരുന്ന മെഡൽ വിനേഷിന് നഷ്ടമായത് കായികപ്രേമികളുടെ നെഞ്ചിൽ താങ്ങാനാകാത്ത ഭാരമായി. ഫൈനലിൽ അമേരിക്കൻ താരം സാറ ആനിനോട് തോറ്റാൽപ്പോലും വെള്ളിമെഡൽ കിട്ടുമായിരുന്ന വിനേഷിന് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഒളിമ്പിക് ഗുസ്തി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ചരിത്ര മെഡൽ നേട്ടത്തിന്റെ വക്കിലാണ് പുറത്തായത്.
അതേസമയം, വെള്ളി മെഡൽ പങ്കിടണമെന്ന് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീലിൽ കോടതി വ്യാഴാഴ്ച വിധി പറയും. വിധി വിനേഷിന് അനുകൂലമായാൽ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡൽ രണ്ടുപേർക്കായി പങ്കുവയ്ക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |