പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ച കമ്മ്യൂണിസ്റ്റ് നേതാക്കന്മാരിൽ ഒരാളാണ് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. 2013ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മോദിയെ പ്രഖ്യാപിച്ചപ്പോൾ 'സാമുദായിക സൗഹാർദ്ദത്തിന് വിപത്ത്' എന്നാണ് ബുദ്ധദേവ് പറഞ്ഞത്. പിന്നാലെ 2022ൽ മോദി സർക്കാരിന്റെ പത്മഭൂഷൺ നിരസിച്ച് അദ്ദേഹം വിവാദം സൃഷ്ടിച്ചു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷൺ നിരസിക്കുന്ന മൂന്നാമത്തെ കമ്മ്യൂണിസ്റ്റ് നേതാവാണ് ഭട്ടാചാര്യ.
പത്മ പുരസ്‌കാരം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ അന്നുച്ചയ്ക്ക് ശേഷം ഇക്കാര്യം ഭട്ടാചാര്യയുടെ വീട്ടിൽ ഫോൺ കോളിലൂടെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മീര വിവരം സിപിഎം നേതൃത്വത്തെ അറിയിച്ചു. പുരസ്‌കാരം സ്വീകരിക്കാൻ ഭട്ടാചാര്യ തയ്യാറല്ലെന്നും മീര നേതൃത്വത്തോട് വ്യക്തമാക്കി.
തുടർന്ന് വൈകുന്നേരത്തോടെ പാർട്ടി ഭട്ടാചാര്യയുടെ പേരിൽ പ്രസ്‌താവന പുറത്തിറക്കി. 'പത്മഭൂഷൺ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇതിനെക്കുറിച്ച് ആരും എന്നോട് ഒന്നും പറഞ്ഞില്ല. എനിക്ക് പുരസ്‌കാരം നൽകുകയാണെങ്കിൽ അത് നിരസിക്കുന്നതായി ഞാൻ അറിയിക്കുന്നു'- എന്നായിരുന്നു പ്രസ്‌താവനയിൽ പറഞ്ഞത്.
1992ൽ സിപിഎം മുതിർന്ന നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാടും കേന്ദ്ര സർക്കാരിന്റെ പത്മ വിഭൂഷൺ പുരസ്‌കാരം നിരസിച്ചിരുന്നു. 'പാർട്ടി നേതാക്കൾ സംസ്ഥാന പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന പതിവില്ല'- എന്നായിരുന്നു നരസിംഹ റാവു സർക്കാരിന്റെ പുരസ്‌കാരം നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. സമാനരീതിയിൽ 2008ൽ സിപിഎം മുതിർന്ന നേതാവ് ജ്യോതി ബസു മൻമോഹൻ സിംഗ് സർക്കാരിന്റെ ഭാരത് രത്‌ന പുരസ്‌കാരം നിരസിച്ചു. കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ അംഗീകാരം മാത്രമാണ് പാർട്ടി നേതാക്കൾ വിലമതിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഭട്ടാചാര്യയ്ക്ക് പുരസ്‌കാര ഓഫർ എത്തിയത്. ഭട്ടാചാര്യയുടെ നയങ്ങളും പാർട്ടി പാരമ്പര്യവും മാറ്റിവച്ചാലും മോദി സർക്കാരാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന ഒറ്റ കാരണം മതിയായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നിരസിക്കുന്നതിന്.
കൂടാതെ ബാബറി മസ്ജിദ് തകർത്തതിന്റെ സൂത്രധാരന്മാരിൽ ഒരാളായി കമ്മ്യൂണിസ്റ്റ് പാർട്ടി കരുതുന്ന ബിജെപി നേതാവ് കല്യാൺ സിംഗിനുള്ള മരണാനന്തര ബഹുമതിയും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതും പാർട്ടിയെ അസ്വസ്ഥരാക്കിയെന്നാണ് നിഗമനം.
ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും മുൻകൂട്ടി അറിയിക്കാതെ ഭട്ടാചാര്യയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. ബംഗാളിലെ ഇടതുപക്ഷ വോട്ടർമാരുടെ അനുഭാവം നേടിയെടുക്കാനുള്ള ബിജെപിയുടെ തന്ത്രപരമായ നടപടിയാണിതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി നേതാവ് സുജൻ ചക്രബർത്തി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |