ബ്രസീലിയ : ബ്രസീലിലെ കടൽത്തീരങ്ങളിൽ കാണപ്പെടുന്ന സ്രാവുകളിൽ ലഹരിമരുന്നായ കൊക്കെയ്‌നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഗവേഷകർ. അടുത്തിടെ ഒരു ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ' കൊക്കെയ്ൻ ഷാർക്ക്" എന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിയോ ഡി ജനീറോ തീരത്ത് നിന്ന് പിടികൂടിയ 13 ബ്രസീലിയൻ ഷാർപ്‌നോസ് ഷാർക്കുകളിൽ ഗവേഷകർ പരിശോധന നടത്തി.
13 എണ്ണത്തിലും കൊക്കെയ്ൻ പോസിറ്റീവ് എന്ന് കണ്ടെത്തി. മുമ്പ് നടത്തിയ പഠനങ്ങളിൽ കടൽജലത്തിലും നദിയിലും മലിന ജലത്തിലും ചെമ്മീൻ, ഈൽ പോലുള്ള മറ്റ് കടൽ സ്പീഷീസുകളിലും കൊക്കെയ്‌നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് സ്രാവുകളിൽ കൊക്കെയ്ൻ കണ്ടെത്തുന്നത്. കടൽ ജീവികളിൽ കൊക്കെയ്ൻ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കണ്ടെത്തി.
ഇതിന് മുമ്പ് കൊക്കെയ്ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ച കടൽ ജീവികളേക്കാൾ നൂറു മടങ്ങ് അളവിലെ കൊക്കെയ്‌നാണ് സ്രാവുകളിൽ കണ്ടെത്തിയിട്ടുള്ളത്. കൊക്കെയ്ൻ സ്രാവുകളുടെ ഉള്ളിൽ എങ്ങനെയെത്തി എന്നത് വ്യക്തമല്ല. കടൽ വഴി മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിക്കപ്പെടുമെന്ന് കണ്ടാൽ മാഫിയ സംഘങ്ങൾ കൊക്കെയ്ൻ പായ്ക്കുകൾ കടലിൽ വലിച്ചെറിഞ്ഞിട്ട് കടന്നുകളയുന്ന പതിവുണ്ട്.
ഒന്നുകിൽ അത്തരം കൊക്കെയ്ൻ പായ്ക്കുകളിൽ നിന്നാകാം സ്രാവുകളിലെത്തിയത്. കൊക്കെയ്‌ൻ വലിയ തോതിൽ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ടൺ കണക്കിന് കൊക്കെയ്ൻ യൂറോപ്പിലേക്കും മറ്റും കയറ്റുമതി ചെയ്യുന്ന ഹബ്ബായി മാറിയിരിക്കുകയാണ് ബ്രസീൽ. ' ഫസ്റ്റ് കാപ്പിറ്റൽ കമാൻഡ്" എന്ന മാഫിയ സംഘമാണ് ബ്രസീലിലെ കൊക്കെയ്ൻ കയറ്റുമതിയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്.
കടലിലേക്ക് ഒഴുക്കിവിടുന്ന മലിനജലത്തിൽ നിന്നുള്ള കൊക്കെയ്ൻ സ്രാവുകളുടെ ഉള്ളിലെത്താനുള്ള സാദ്ധ്യതയും തള്ളാനാകില്ല. കൊക്കെയ്ൻ ഉത്പാദിപ്പിക്കുന്ന അനധികൃത ലാബുകളിൽ നിന്ന് കടലിലേക്ക് നിക്ഷേപിക്കുന്നതുമാകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |