വാഷിംഗ്ടൺ:അമേരിക്കൻ വാർത്താ പ്രക്ഷേപണത്തിലെ ആദ്യ വനിതാ അവതാരകയും പ്രശസ്തയായ മാദ്ധ്യമപ്രവർത്തകയുമായ ബാർബറ വാൾട്ടേഴ്സ് (93)അന്തരിച്ചു. ന്യൂയോർക്കിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അഭിമുഖങ്ങൾ ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് ബാർബറയെ ലോക പ്രശസ്തയാക്കിയത്.അഞ്ച് പതിറ്രാണ്ട് നീണ്ട കരിയറിനിടെ ഫിദൽ കാസ്ട്രോ, സദ്ദാം ഹുസൈൻ, മാർഗരറ്ര് താച്ചർ, യു.എസ് പ്രസിഡന്റുമാർ തുടങ്ങി നിരവധി പ്രമുഖരെ അവർ അഭിമുഖം ചെയ്തു. 1997ൽ അവർ അവതരിപ്പിച്ച ടോക്ക് ഷോ ആയ ദ വ്യൂ ഏറെ കാഴ്ചക്കാരെ നേടിയ പരിപാടികളിലൊന്നാണ്.
1929 സെപ്തംബർ 25ന് മസച്യൂസിറ്ര്സിലെ ബോസ്റ്റണിലാണ് ബാർബറ ജനിച്ചത്. പിതാവ് ലൂ വാൾട്ടേഴ്സ് ഒരു നിശാ ക്ലബ് ഉടമയായിരുന്നു. അവിടെ അവതാരകയുടെ റോളിൽ തുടങ്ങിയതാണ് അവരുടെ അവതരണ ജീവിതം. ബ്രൂക്‌ലിനിലെ ലോറൻസ് സ്കൂളിലും ന്യൂയോർക്ക് സാറാ ലോറൻസ് കോളേജിൽ നിന്നും വിദ്യാഭ്യാസം നേടിയ ബാർബറ 1961ലാണ് മാദ്ധ്യമപ്രവർത്തകയായി കരിയർ തുടങ്ങുന്നത്. എൻ.ബി.സി ന്യൂസിലെ പ്രഭാത പരിപാടിയായ ടുഡേ എന്ന പരിപാടിയിൽ അവതാരകയായെത്തി. എ.ബി.സി ന്യൂസിലെ ആദ്യ വനിതാ അവതാരകയാണ്. റിച്ചാർഡ് നിക്സൺ മുതലുള്ള യു.എസ് പ്രസിഡന്റുമാരെയും പ്രഥമ വനിതകളെയും അവർ അഭിമുഖം ചെയ്തു. ദ ബാർബറ വാൾട്ടേഴ്സ് സ്പെഷൽസ്, 10 മോസ്റ്ര് ഫാസിനേറ്രിംഗ് പീപ്പിൾ തുടങ്ങിയ പ്രശസ്ത പരിപാടികളുടെയും അവതാരകയായി. 1979 മുതൽ 2004 വരെ അവതാരകയായും എ.ബി.സി ന്യൂസ് മാഗസിൻ 20/20 ന്റെ കറസ്പോണ്ടന്റായും പ്രവർത്തിച്ചു. 2015ലാണ് അവസാനമായി പരിപാടി അവതരിപ്പിച്ചത്. 1996ൽ ടി.വി ഗൈഡ് പുറത്തുവിട്ട എക്കാലത്തെയും മികച്ച 50 ടെലിവിഷൻ അവതാരകരുടെ പട്ടികയിൽ 34ാം സ്ഥാനത്ത് ബാർബറ ഉൾപ്പെട്ടു. 2000ൽ നാഷണൽ അക്കാദമി ഒഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടി. ബാർബറ ഒരു യഥാർത്ഥ ഇതിഹാസമായിരുന്നെന്നും ജേർണലിസത്തിൽ മാത്രമൊതുങ്ങുന്ന പ്രതിഭയായിരുന്നില്ല അവരെന്നും വാൾട്ട് ഡിസ്നിയുടെ ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് ഇഗർ പ്രതികരിച്ചു.
ഇത്തരമൊരു ജീവിതം തനിക്കുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രത്തലവന്മാരെയും പ്രമുഖരെയും കാണാൻ തനിക്കു കഴിഞ്ഞെന്നും 2004ലെ ചിക്കാഗോ ട്രിബ്യൂൺ അഭിമുഖത്തിൽ അവർ പറഞ്ഞു. ഓസ്കാർ പരിപാടിക്ക് മുമ്പ് നടക്കുന്ന ഒരു പരിപാടിയുടെ അവതാരകയായി 29 വർഷം പ്രവർത്തിച്ച അവർ ധാരാളം സെലിബ്രിറ്റി അഭിമുഖങ്ങളും നടത്തിയിട്ടുണ്ട്. ഹാസ്യ നടൻ ഫ്രെഡ് അലൻ,നടൻ ജാക്ക് ഹേലി തുടങ്ങിയ പ്രതിഭകളെ കണ്ടെടുത്തതിനും ബാർബറയ്ക്ക് വിസാർഡ് ഓഫ് ഓസ് ബഹുമതി ലഭിച്ചു.
2008ൽ ആത്മകഥ ഒഡിഷൻ: എ മെമ്മോയർ പുറത്തിറക്കി. 2010ൽ വാൾട്ടേഴ്സ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 12 എമ്മി അവാർഡുകൾ നേടി.അതിൽ 11ഉം എ.ബി.സി ന്യൂസിൽ ആയിരിക്കുമ്പോഴാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |