അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു
മുൻ ഡ്രൈവർ പിടിയിൽ
പ്രതികളുടെ മുട്ടിനുതാഴെ വെടിവച്ചു
ബംഗളൂരു: കർണാടകയിൽ 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കത്തിച്ച കേസിൽ രണ്ട് പേരെ പൊലീസ് സാഹസികമായി പിടികൂടി. ബംഗളൂരു അരീകെരെ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥി നിഷ്ചിത്തിനെയാണ് കൊലപ്പെടുത്തിയത്. നിഷ്ചിത്തിന്റെ
വീട്ടിൽ താത്കാലിക ഡ്രൈവറായിരുന്ന ഗുരുമൂർത്തി, ഗോപാലകൃഷ്ണ എന്നിവരാണ് പിടിയിലായത്. പ്രതികളെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ മുട്ടിനുതാഴെ വെടിവച്ചാണ് പ്രതികളെ കീഴടക്കിയത്. ഗുരുമൂർത്തിക്ക് രണ്ടു കാലിലും ഗോപീകൃഷ്ണയ്ക്ക് വലതുകാലിനും പരുക്കേറ്റു. ഇരുവരും ചികിത്സയിലാണ്.
ബുധനാഴ്ചയാണ് സംഭവം. ട്യൂഷന് പോയ നിഷ്ചിത്തിനെ രാത്രി എട്ടായിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ട്യൂഷൻ സെന്ററിൽ നിന്ന് 7.30യ്ക്ക് പോയതായി അറിയിച്ചു. തെരച്ചിലിൽ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് കുട്ടിയുടെ സൈക്കിൾ കണ്ടെത്തി. ഇതിനിടെ മാതാപിതാക്കൾക്ക് അജ്ഞാത കോൾ എത്തി. കുട്ടിയെ വിട്ടുതരണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തെരച്ചിലിൽ ഇന്നലെ ബന്നാർഘട്ട റോഡിനുസമീപം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ സ്ഥലത്ത് മൃതദേഹം കണ്ടെത്തി. നിഷ്ചിത്തിന്റെ പിതാവ് കോളേജ് പ്രൊഫസറാണ്. അന്വേഷണം തുടരുകയാണ്.
പൊലീസിനെ
അറിയിക്കരുതെന്ന് പറഞ്ഞു
പ്രതികൾക്ക് അഞ്ച് ലക്ഷം രൂപ നൽകാമെന്ന് മാതാപിതാക്കൾ സമ്മതിച്ചിരുന്നു. മാതാപിതാക്കൾ പരാതി നൽകിയതോടെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. ഇതോടെ കുട്ടിയെ കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാൻ കത്തിക്കുകയായിരുന്നു. ഗുരുമൂർത്തി മുമ്പും പല കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കുടുംബ പശ്ചാത്തലം അറിയാവുന്ന പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |