മീശപിരിക്കൽ ഈ കത്തി വില്‌പനയുടെ സീക്രട്ട്

Saturday 04 February 2023 12:48 AM IST

കോട്ടയം . 'കൊമ്പൻ മീശ പിരിച്ച് തലപ്പാവ് ധരിച്ച് കത്തിക്കാട്ടിയൊരു വില്പന", മൈസൂർ സ്വദേശികളായ രഞ്ജിത് സിം​ഗും മകൻ അമൻ സിം​ഗും വർഷങ്ങളായി ഇങ്ങനെയാണ് കത്തി വിൽക്കുന്നത്. കത്തിയും പിടിച്ച് റോഡരികിൽ നിൽക്കുന്ന ഇരുവരും കണ്ടാൽ ആദ്യമൊന്നു പേടിക്കും. പിന്നെ കൗതുകം തോന്നും. ഇതുതന്നെയാണ് ഇവരുടെ ട്രേഡ് മാർക്കും.

മാങ്ങാനം തുരുത്തേൽ പാലത്തിന് സമീപം ദിവസങ്ങളായി കത്തിവിൽക്കുകയാണ് പഞ്ചാബിൽ വേരുകളുള്ള ഈ അച്ഛനും മകനും. കത്തികൾ കൂട്ടിയുരസി ശബ്ദമുണ്ടാക്കയും ഇവർ ആളുകളെ ആകർഷിക്കും. കോയമ്പത്തൂരിൽ നിർമ്മിച്ച കത്തികളാണ് വിൽക്കുന്നത്. വലിയ കത്തിയ്ക്ക് 300 രൂപയാണ് വില. പിന്നെ 250, 200, 150 വിലകളിലും കത്തിയുണ്ട്. രാവിലെ ഒമ്പതിന് തുടങ്ങുന്ന വില്പന വൈകിട്ട് ആറു വരെ നീളും. മൈസൂർ സ്വദേശികളായ ഇവർ സ്കൂട്ടറിലാണ് വ്യാപാരത്തിനായി പല നാടുകളിലേക്കുമെത്തുന്നത്.

അമ്പത് വർഷത്തെ പാരമ്പര്യം.

രഞ്ജിത്തി​ന്റെ കുടുംബം കത്തി വില്പന തുടങ്ങിയിട്ട് അമ്പത് വർഷത്തിലേറെയായി. രഞ്ജിത്തി​ന്റെ അച്ഛനും കത്തി വ്യാപാരമായിരുന്നു. കോട്ടയത്ത് നിന്ന് എറണാകുളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകും. ഏഴു ദിവസത്തിന് ശേഷം കോയമ്പത്തൂരിലേക്ക് മടങ്ങും. കേരളം, തമിഴ്നാട് കർണാടക എന്നിവിടങ്ങളിലെല്ലാം യാപാരം നടത്തുന്നുണ്ടെന്ന് അമൻ പറഞ്ഞു. കന്നടയും തമിഴും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം വഴങ്ങും. കൂട്ടത്തിൽ മലയാളമാണ് അല്പം കടുപ്പമെന്ന് അമൻ ചിരിച്ചുകൊണ്ടു പറഞ്ഞു.