കാണാമറയത്തെ തണ്ണീർത്തടങ്ങൾ

Saturday 04 February 2023 2:30 AM IST

പൂവാർ: പൂവാർ ഗ്രാമ പഞ്ചായത്തിനെ സമ്പുഷ്ടമാക്കിയിരുന്ന തണ്ണീർത്തടങ്ങളിൽ പ്രധാന്യമേറിയ നെൽവയലുകളിന്ന് നാശത്തിന്റെ വക്കിലാണ്. ഒരു ലോക തണ്ണീർത്തട ദിനം കൂടി കടന്ന് പോകുമ്പോൾ പൂവാറിനെ ജല സമൃദ്ധമാക്കിയിരുന്ന തണ്ണീർത്തടങ്ങൾ ഒരോന്നായി ഇല്ലാതാവുകയാണ്. നെൽകൃഷിക്ക് പേര് കേട്ടതും വിശാലമായ തണ്ണീർത്തടങ്ങളുടെ കേന്ദ്രവുമായിരുന്നു പഞ്ചായത്തിലെ കൈപ്പൂരി ഏലാ. ചകിരിയാറിന്റെ ബണ്ട് മുതൽ മുടുമ്പിലും കടന്ന് താമരക്കുളം താണ്ടി പനച്ച മൂട്ടുകുളം വരെ നീളുന്നതാണ് കൈപ്പൂരി ഏല. ജലസമൃദ്ധമായിരുന്നതിനാൽ മുൻപ് ഇവിടെ ഇരുപൂ കൃഷിക്ക് അനുയോജ്യമായിരുന്നു എന്നാണ് മുതിർന്ന കർഷകർ പറയുന്നത്. താമരക്കുളം, കാട്ടുകുളം, പനച്ച മൂട്ടുകുളം, ശാസ്താംകുളം തുടങ്ങിയ കുളങ്ങളിലെ വറ്റാത്ത ജലമാണ് കൃഷിയെ എന്നും സഹായിച്ചിരുന്നത്. കൂടാതെ നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കനാൽ ജലവും കൃഷിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു. 200 ഓളം ഹെക്ടർ വിസ്തൃതിയിലാണ് നെൽകൃഷി ചെയ്തിരുന്നത്. എന്നാൽ ഇന്നത് വെറും 2 ഹെക്ടറിലേക്ക് ഒതുങ്ങി. എന്ന് വേണമെങ്കിലും ഓർമ്മ മാത്രമാകാം എന്ന അവസ്ഥയിലാണ് പ്രദേശത്തെ നെൽവയലുകൾ. നീർച്ചാലുകളും വയലുകളും മണ്ണിട്ട് മൂടുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. അവിടങ്ങളിൽ മണി സൗദങ്ങളുയർന്നു. അധികൃതർ വെറും കാഴ്ചക്കാരായി മാറുന്ന കാഴ്ചയാണ് പൂവാറിലെന്ന് നാട്ടുകാർ പറയുന്നു.

 കൃഷി ഉപേക്ഷിക്കേണ്ട നിലയിൽ

നെൽകൃഷി ലാഭകരമല്ലാതായതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ തുടങ്ങി. അവരെ നഷ്ടത്തിൽ നിന്നും രക്ഷിക്കാൻ നടപ്പാക്കിയ പദ്ധതികളൊന്നും താഴേത്തട്ടിൽ എത്താത്തതും തിരിച്ചടിയായിരിക്കുകയാണ്. നിലമൊരുക്കാനുള്ള ട്രാക്ടർ, കൊയ്‌ത്ത് യന്ത്രം, മെതിയന്ത്രം തുടങ്ങിയവ കർഷക സംഘങ്ങൾക്കും പാടശേഖര സമിതികൾക്കും നൽകുമെന്ന് പറഞ്ഞതല്ലാതെ അതും ലഭ്യമാക്കിയിട്ടില്ല. ഇത് കൃഷിഭൂമി തരിശിടാൻ കർഷകരെ പ്രേരിപ്പിക്കുന്നതിന് കാരണമായി. ഈ അവസരം മുതലാക്കി തരിശ് നിലങ്ങൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ ചുളുവിലയ്ക്ക് കൈയടക്കി. റിയൽ എസ്റ്റേറ്റ് ലോബികളും സജീവമായതാണ് കൃഷി അന്യാധീനപ്പെടാനുള്ള മറ്റൊരു കാരണം. ഇത്തരക്കാർ വാങ്ങിക്കൂട്ടിയ ഭൂമികളിൽ മറ്റ് കൃഷിയും നിർമ്മാണ പ്രവർത്തനങ്ങളുമാണ് ആരംഭിച്ചത്. ഭൂമി മതിൽകെട്ടി തിരിച്ചതോടെ നീരൊഴുക്കും നിലച്ചു. ഇതോടെ കൃഷി ചെയ്തിരുന്ന അവസാനത്തെ കർഷരും ഇത് ഉപേക്ഷിക്കാൻ നിർബന്ധിതരായി. വയലുകളായിരുന്ന സ്ഥലങ്ങളിലെല്ലാം ഇന്ന് വീടുകളും മറ്റ് സ്ഥാപനങ്ങളുമാണ്. കൈത്തോടുകളും നശിച്ചതോടെ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട നിലയാണ്.

 പ്രതിസന്ധികളെ അതിജീവിച്ച് കൃഷി ചെയ്തവർ ചാഴിയുടെയും മറ്റ് കീടങ്ങളുടെയും ആക്രമണം മൂലം നഷ്ടത്തിന് നടുവിലായി. കൃഷിക്ക് ആവശ്യമായ സമയങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ള വിത്ത്, വളം, കീടനാശിനി, മറ്റ് സഹായങ്ങൾ എന്നിവ ലഭിക്കാറില്ലെന്ന പരാതിയുമുണ്ട്. ഞാറ് നടുമ്പോൾ വിത്ത് കിട്ടും കൊയ്യാറാകുമ്പോൾ വളം കിട്ടും. ഇതു കൊണ്ട് എന്ത് പ്രയോജനമെന്നാണ് കർഷകർ ചോദിക്കുന്നത്.

Advertisement
Advertisement