ബഡ്ജറ്റിൽ ആറു കോടി : എ.കെ.ജി മ്യൂസിയത്തിന് വേഗം കൂടും

Friday 03 February 2023 8:46 PM IST

കണ്ണൂർ: പാവങ്ങളുടെ പടത്തലവൻ എ.കെ.ജിക്ക് ജന്മനാട്ടിൽ ഉയരുന്ന മ്യൂസിയത്തിന്റെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ആറു കോടി നീക്കിവച്ചത് ഇതിന്റെ പ്രവർത്തനത്തിന് വേഗം കൂട്ടും. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയാണ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പത്തു കോടിയോളം ചെലവ് വരുന്ന മ്യൂസിയം ഒന്നര വർഷത്തിനകം പൂർത്തിയാകുന്ന രീതിയിൽ ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണകരാർ നൽകിയിരിക്കുന്നത്.

പെരളശേരി തൂക്കുപാലത്തിനടുത്ത് 3.21 ഏക്കർ സ്ഥലത്താണ് മ്യൂസിയമൊരുക്കുന്നത്. എ.കെ.ജിയുടെ ബാല്യം മുതലുള്ള ഓരോ ഘട്ടങ്ങളും ചരിത്രത്തോട് നീതിപുലർത്തുന്ന നിലയിൽ രേഖപ്പെടുത്തും. അദ്ധ്യാപകനായിരിക്കെ ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവും സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും ലോക്‌സഭയിലെ പ്രതിപക്ഷനേതാവുമായി മാറിയ എ .കെ.ജിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ സ്മാരകം അടയാളപ്പെടുത്തും. എ.കെ.ജി നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ ഡിജിറ്റലൈസ് ചെയ്യും. നൂറ്റിമുപ്പതു പേർക്ക് ഇരിക്കാവുന്ന മിനി തിയറ്ററും ഇതിലുണ്ടാകും.

വെർച്വൽ റിയാലിറ്റി സംവിധാനം

ചിത്രങ്ങളും രേഖകളും ദൃശ്യശകലങ്ങളും വെർച്വൽ റിയാലിറ്റി സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ചരിത്ര മുഹൂർത്തങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന സ്മൃതി മ്യൂസിയം ഒരുക്കുന്നത്. 1930ലെ ഉപ്പ് സത്യഗ്രഹം, 1932ലെ ഗുരുവായൂർ സത്യഗ്രഹം, പട്ടിണി ജാഥ, ഇടുക്കി ജില്ലയിലെ അമരാവതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ 1961ൽ നടന്ന സത്യഗ്രഹം, 1971ൽ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി നടന്ന മുടവൻ മുകൾ സമരം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ, ജീവിതത്തിന്റെ അവസാന നാളുകളിൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പോരാട്ടം തുടങ്ങി സുപ്രധാന സംഭവങ്ങളുടെ രേഖകൾ ഇവിടെ പ്രദർശിപ്പിക്കും.