അഞ്ചുതെങ്ങിലെ കണ്ടൽതൈകൾ നശിച്ചു, "ഹരിത വനം" പദ്ധതി പാളി

Saturday 04 February 2023 1:04 AM IST

കടയ്ക്കാവൂർ: തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ കണ്ടൽച്ചെടി​കൾ വച്ചുപിടിപ്പിക്കുകയും അഞ്ചുതെങ്ങിന്റെ ടൂറിസം സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാൻ ശ്രമിച്ച ഹരിതവനം പദ്ധതി പാളി. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി ഇപ്പോൾ പൂർണ്ണമായും നിലച്ച മട്ടാണ്. പദ്ധതിക്ക് തുടക്കത്തിൽ കാട്ടിയ ആവേശം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഇല്ലെന്നാണ് സൂചന. പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങിലെ കായൽത്തീരങ്ങളിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികൾ കാണാൻ ടൂറിസ്റ്റുകൾക്കും പൊതുജനങ്ങൾക്കും അവസരമൊരുക്കാനും പഞ്ചായത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതിയുമായിരുന്നു അധികൃതർ ആസൂത്രണം ചെയ്തിരുന്നത്. പദ്ധതിയുടെ ഭാഗമായി കായൽ തീരങ്ങളിൽ 2,800 ചതുരശ്രമീറ്ററിൽ കയർ ഭൂവസ്ത്രം വിരിച്ച് അതിനുതാഴെ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതാണ് ഹരിതവനം പദ്ധതിയുടെ ലക്ഷ്യം. സർക്കാർ സ്ഥാപനമായ കുഫോസാണ് വിത്തുകൾ നൽകിയത്. ഇവ മുളപ്പിക്കുന്നതു മുതൽ കണ്ടൽച്ചെടികളുടെ പരിപാലനം വരെ തൊഴിലുറപ്പ് തൊഴിലാളികൾക്കായിരുന്നു നൽകിയിരുന്നത്.

* ലക്ഷ്യം ഹരിതവനം

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ നെടുങ്ങണ്ട,​ കായിക്കര,​ കാപാലീശ്വരം,​ മുടിപ്പുര,​ പുത്തൻനട,​ വലിയപള്ളി,​ പൂത്തുറ തുടങ്ങിയ വാർഡുകളിൽ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് കണ്ടൽച്ചെടികൾ നട്ടുവളർത്തി പദ്ധതി നടപ്പിലാക്കാൻ അധികൃതർ ലക്ഷ്യമിട്ടിരുന്നത്. മൂന്നുവർഷം കൊണ്ട് കണ്ടൽച്ചെടികളുടെ പരിപാലനം ഘട്ടംഘട്ടമായി പൂർത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി ഹരിതവനം മാറ്റുമെന്നാണ് അധികൃതർ അന്ന് പറഞ്ഞത്.

*പാക്കേജുകൾ റെഡി,​ എന്നിട്ടും...

അഞ്ചുതെങ്ങ് കോട്ട, പൊന്നുംതുരുത്ത്, കായിക്കര, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതിയും, ചിത്രശലഭ പാർക്കും ഔഷധ സസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും ഒരുക്കുമെന്നും ഈ സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജുകൾ ഉണ്ടാകുമെന്നും അധികൃതർ വാഗ്ദാനം നൽകിയിരുന്നു. ഈ പദ്ധതിക്ക് ചെലവഴിക്കുന്ന ആകെത്തുക എത്രയാണെന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളുടെ ടൂറിസത്തിന് പുത്തൻ മുഖം നൽകാൻ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ആദ്യഘട്ടത്തിൽ ചെലവഴിച്ച ലക്ഷങ്ങൾ ജലരേഖയായി.

Advertisement
Advertisement