കേരളത്തിലേക്ക് വന്ദേഭാരത് ഉടൻ എത്തും,​ ശബരി പാതയ്ക്കായി 100 കോടി ,​ സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് 2033 കോടി രൂപ അനുവദിച്ച് കേന്ദ്രം

Friday 03 February 2023 9:19 PM IST

ന്യൂഡൽഹി :കേരളത്തിന് വന്ദേഭാരത് എക്സ്പ്രസ് ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ അറിയിച്ചു. റെയിൽവേ ബഡ്‌ജറ്റിൽ ഇക്കുറി കേരളത്തിന് 2033 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നും അശ്വനി വൈഷ്‌ണവ് പറഞ്ഞു. പാതഇരട്ടിപ്പിക്കൽ, മൂന്നാം പാത, സ്റ്റേഷനുകളുടെ നവീകരണം, അറ്റകുറ്റപ്പണികൾ എന്നിവയ്‌ക്കാണ് ബഡ്ജറ്റിൽ തുക അനുവദിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന അങ്കമാലി ശബരി റെയിൽ പാതയ്‌ക്കും സഹായം പ്രഖ്യാപിച്ചു. 116 കി,​.മീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബഡ്ജറ്റിൽ വകവരുത്തിയിട്ടുള്ളത്. എറണാകുളം-കുമ്പള പാതഇരട്ടിപ്പിക്കാൻ 101 കോടിയും തിരുവനന്തപുരം-കന്യാകുമാരി പാതഇരട്ടിപ്പിക്കലിന് 808 കോടിയുമുണ്ട്.

കേരളത്തിലെ 34 സ്റ്റേഷനുകൾ സംസ്‌കാരിക തനിമയോടെ 48 മാസത്തിനുള്ളിൽ നവീകരിക്കും. സ്റ്റേഷനുകളുടെ രണ്ടുവശങ്ങളിലും കവാടങ്ങളുണ്ടാക്കും. അവശ്യസാധന സ്റ്റോറുകൾ തുടങ്ങും . മൂന്നുവർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും പുതിയ കോച്ചുകൾ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കെ റെയിൽ അടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. ഇതിനായി കേരളത്തിലേക്ക് ഉടൻ വരുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.

Advertisement
Advertisement