ബഡ്ജറ്റ് ആശ്വാസകരമെങ്കിലും അപര്യാപ്തമെന്ന്
Saturday 04 February 2023 3:59 AM IST
തിരുവനന്തപുരം: ബഡ്ജറ്റ് ആശ്വാസകരമെങ്കിലും അപര്യാപ്തമാണെന്ന് ട്രിവാൻഡ്രം ചേമ്പർ ഒഫ് കൊമേഴ്സ് ആൻഡ് ഇന്റസ്ട്രിയും (ടി.സി.സി.ഐ) അവേക്ക് ട്രിവാൻഡ്രവും അഭിപ്രായപ്പെട്ടു.വളർച്ചയും വികസനവും ആസൂത്രണം ചെയ്യുന്നതിനും സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനും ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ അറിയിച്ചു.നഗരത്തിൽ നടക്കുന്ന കോൺഫറൻസുകൾ,കൂടിക്കാഴ്ചകൾ എന്നിവയ്ക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര വ്യാപാരമേളയ്ക്കുള്ള സ്ഥിരം വേദി വലിയ പ്രതീക്ഷകൾ നൽകുന്നതാണെന്ന് അവേക്ക് ട്രിവാൻഡ്രം സി.ഇ.ഒ രഞ്ജിത്ത് രാമാനുജൻ പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്നോപ്പാർക്കിൽ കൂടുതൽ ഫണ്ട് നൽകണമെന്ന് അവേക്ക് ട്രിവാൻഡ്രം സെക്രട്ടറി ആർ.അനിൽ കുമാർ ആവശ്യപ്പെട്ടു.