ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Saturday 04 February 2023 3:34 AM IST

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.

വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് ഓടിച്ചിരുന്ന സാൻഡ്രോ കാറാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. അപകടം നടക്കുമ്പോൾ സനോജ് മാത്രമാണ് കാറിലുണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ സനോജ് രക്ഷപ്പെട്ടു. ഇതിന് പിന്നാലെ കാറിന്റെ മുൻഭാഗം കത്തിയമർന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റാണ് തീകെടുത്തിയത്. സനോജിന് പരിക്കുകളൊന്നുമില്ല. കഴിഞ്ഞദിവസം കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചതിന്റെ നടുക്കം വിട്ടുമാറും മുൻപാണ് നാട്ടുകാർക്കിടയിൽ ഭീതി പരത്തിയ മറ്റൊരപകടം.