മനോജ് കൃഷ്‌ണേശ്വരിക്കും ഡോ. കെ. വേണുഗോപാലിനും ഗോൾഡൻ ബുക്ക് അവാർഡ്

Saturday 04 February 2023 1:14 AM IST
മനോജ് കൃഷ്‌ണേശ്വരി

ആലപ്പുഴ: എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മനോജ് കൃഷ്‌ണേശ്വരിയുടെ 'ശുഭചിന്തകളുടെ 365 ദിനങ്ങൾ', ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ. വേണുഗോപാലിന്റെ 'കർഷകരും ജന്തു രോഗങ്ങളും' എന്നീ കൃതികൾക്ക് ഈ വർഷത്തെ ഗോൾഡൻ ബുക്ക് പുരസ്കാരം. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിങ്‌സ് പബ്ലിക്കേഷൻ ഇന്റർനാഷണൽ നൽകുന്ന അവാർഡ് ഏപ്രിൽ എട്ടിന് ദുബായിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

11 വർഷത്തിലധികമായി ലഹരിവിരുദ്ധ ബോധവത്കരണ രംഗത്തെ സജീവ പ്രവർത്തകനാണ് മനോജ്. സ്‌കൂളുകൾ, കോളേജുകൾ, സാംസ്‌കാരിക സംഘടനകൾ, സമുദായ സംഘടനകൾ, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോളേജുകൾ, അദ്ധ്യാപകർ, ലൈബ്രേറിയൻമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ 1200ൽപ്പരം ബോധവത്കരണ ക്ലാസുകൾ നയിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവത്കരണ രംഗത്തെ സേവനം പരിഗണിച്ച്, ആലപ്പുഴ കളക്‌ടറായിരുന്ന ടി.വി. അനുപമയിൽ നിന്ന് പ്രശസ്‌തിപത്രവും ലഭിച്ചു. 2018 ൽ ജെ.സി.ഐയുടെ സേവനരത്‌ന അവാർഡ്, 2019 ൽ ആന്റി നാർക്കോട്ടിക്ക് ആക്ഷൻ സെന്റർ ഒഫ് ഇന്ത്യയുടെ ആന്റി നാർക്കോട്ടിക്ക് അവാർഡ്, 2020 ൽ കൈതമുറ്റം ശ്രീ അനന്തേശ്വര പുരസ്‌കാരം, 2021ൽ സംസ്ഥാന മദ്യവർജ്ജന സമിതിയുടെ കർമ്മശ്രേഷ്ഠ പുരസ്‌കാരം എന്നിവ ലഭിച്ചു. 650 ദിവസത്തോളമായി ശുഭചിന്തകൾ എല്ലാ ദിവസവും രാവിലെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കുന്നു. അതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 365 ശുഭദിനങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂർ ആസ്ഥാനമായുള്ള പൊസിറ്റീവ് കമ്മ്യൂണിന്റെ സർട്ടിഫൈഡ് ട്രെയിനറാണ്. ഫാർമസിസ്‌റ്റായ കൃഷ്ണപ്രിയയാണ് ഭാര്യ. സി.എ വിദ്യാർത്ഥിയായ കാർത്തികൃഷ്ണ, പത്താം ക്ലാസ് വിദ്യാർത്ഥി കൃഷ്ണചന്ദ് എന്നിവരാണ് മക്കൾ.

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ചെസ്റ്റ് ഫിസിഷ്യനാണ് ഡോ. കെ. വേണുഗോപാൽ. ശ്രദ്ധേയമായ ശാസ്ത്ര, ആരോഗ്യ ഗ്രന്ഥങ്ങളുടെ രചയിതാവായ വേണുഗോപാലിന് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച കർഷകരും ജന്തു രോഗങ്ങളും എന്ന പുസ്തകത്തിന് മുൻ മന്ത്രി ജി സുധാകരനാണ് അവതാരിക എഴുതിയത്.