കുറിയ ഇനങ്ങളിൽ കുന്നോളം വിളവ്

Saturday 04 February 2023 1:17 AM IST
കുറിയ ഗണത്തിൽപ്പെട്ട മലയൻ പച്ച തെങ്ങിനു സമീപം ശാന്തപ്പൻ

മുഹമ്മ: പറമ്പിലൊരു തൈ നട്ടാൽ പന്തീരാണ്ടു കാലത്തോളം അതിന്റെ ഫലത്തിനായി കാത്തിരിക്കാനുള്ള ക്ഷമയൊന്നും ശാന്തപ്പനില്ല. എത്രയും വേഗം വിളവെടുക്കണം. ശാന്തപ്പന്റെ ഈയൊരു തീരുമാനത്തിന് 'ഫല'മുണ്ടായതു കാണണമെങ്കിൽ വീട്ടിലേക്കൊന്നെത്തണം.

മുഹമ്മ 12-ാം വാർഡിൽ തോട്ടത്തുശ്ശേരി ടി.ബി.ശാന്തപ്പൻ കൃഷി തുടങ്ങിയിട്ട് 20 വർഷമായെങ്കിലും അടുത്ത കാലത്താണ് കുറിയ ഇനം ഫലവൃക്ഷങ്ങളോട് പ്രിയം തോന്നിയത്. അത്യുത്പാദന ശേഷിയും കുറഞ്ഞകാലം കൊണ്ട് ഫലം തരുന്നതുമായ ഫലവൃക്ഷത്തൈകളാണ് ശാന്തപ്പന് ഏറെയിഷ്ടം. പരിപാലിക്കുന്നത് തികച്ചും ജൈവ രീതിയിൽത്തന്നെ. പറമ്പ് നിറയെ പേര, ചാമ്പ, മാവ്, സപ്പോർട്ട, തെങ്ങ് എന്നിവയുണ്ട്. ഇതിൽ ഏറെയും കുറിയ ഇനങ്ങളാണ്. പന്തലിൽ വിളഞ്ഞു കിടക്കുന്ന പാഷൻഫ്രൂട്ട് കൗതുകക്കാഴ്ച തന്നെയാണ്. കാസർകോട് കുള്ളൻ പശുവും ആടും കോഴിയും താറാവൂം വീട്ടുമുറ്റത്തുതന്നെ വളരുന്നു. രണ്ടര വർഷം മുമ്പ് വീട്ടുവളപ്പിൽ നട്ട മലയൻപച്ച തെങ്ങുകൾ നിറയെ കായ്ച്ചു. ഇതിന്റെ വിത്തുതേങ്ങ വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. ഈയടുത്ത് വാങ്ങിയ അപ്പൂപ്പൻ കാട് എന്ന വെളിപ്രദേശം നിറയെ ആറു മാസം മുമ്പ് ടിഷ്യു കൾച്ചർ വാഴകൾ നട്ടിരുന്നു. ഇവ ഇപ്പോൾ ഒരു മീറ്റർ നീളമുള്ള കുലകൾ ചൂടി നിൽക്കുകയാണ്. വാഴകളെ പിണ്ടിപ്പുഴുവിൽ നിന്ന് രക്ഷിക്കുന്നത് കടാവർ എന്ന മിത്രകീടത്തെ ഉപയോഗിച്ചാണ്. ഒരു തടത്തിൽ രണ്ട് വാഴത്തൈകളാണ് നടുന്നത്. വാഴകൾക്കിടയിൽ മലയൻ പച്ച, മഞ്ഞ, ഓറഞ്ച് തുടങ്ങിയ തെങ്ങിൻ തൈകളും നട്ടു പരിപാലിക്കുന്നു.

ഇവകൂടാതെ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും മത്സ്യവും ചെറുധാന്യങ്ങളൂം കൃഷിയിലുണ്ട്. ഇതെല്ലാം ചുരുങ്ങിയ കാലംകൊണ്ട് വിളവെടുക്കാൻ കഴിയുന്ന ഇനങ്ങളാണ്. വനോദ സഞ്ചാര വകുപ്പിൽ നിന്ന് വിരമിച്ച ശാന്തപ്പൻ ഇപ്പോൾ മുഴുവൻ സമയ കൃഷിക്കാരനാണ്. ഭാര്യ ശൈലമ്മയും മകൾ ശരണ്യയും കൃഷിയിൽ സഹായത്തിനുണ്ട്.