മൂന്ന്കിലോ കഞ്ചാവും മാരകായുധങ്ങളുമായി രണ്ട്പേർ പിടിയിൽ
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സി.പിഎം പ്രവർത്തകനടക്കം രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂന്ന് കിലോയിലധികം കഞ്ചാവും കഠാരയും വടിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളും കുരുമുളക് സ്‌പ്രേയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്.
പ്രാദേശിക സി.പി.എം.പ്രവർത്തകനായ കാരിക്കോട് ഉള്ളാടംപറമ്പിൽ മജീഷ് മജീദ് (29), ഇടവെട്ടി തൈപ്പറമ്പിൽ അൻസൽ അഷ്‌റഫ് (27) എന്നിവരാണ് പിടിയിലായത്. തൊടുപുഴ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും 3.200 കിലോഗ്രാം കഞ്ചാവും കഠാരയും വടി വാളും ഉൾപ്പെടെ മാരകായുധങ്ങളും മുളക് സ്‌പ്രേയും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആന്ധ്രയിൽ നിന്ന് വൻ തോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. അടിപിടിയും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മജീഷ് പ്രതിയാണ്.
തൊടുപുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാഫി അരവിന്ദ്, പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ദേവദാസ്, ജയരാജ് കെ.പി, ബിജു കെ.പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബൈർ, മുഹമ്മദ് റിയാസ്, അനൂപ് പി.എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അപർണ ശശി, ഡ്രൈവർ അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.