ഉത്സവം സമാപിച്ചു
Saturday 04 February 2023 1:22 AM IST
ചാരുംമൂട്: ചുനക്കര തിരുവൈരൂർ ശ്രീമഹാദവർ ക്ഷേത്രത്തിൽ പത്തു നാൾ നീണ്ടു നിന്ന ഉത്സവം കെട്ടുകാഴ്ചയോടെ സമാപിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേർന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട തെക്കുംമുറി, കരിമുളയ്ക്കൽ, കോമല്ലൂർ, നടുവിലേമുറി, വടക്കുംമുറി, കിഴക്കുംമുറി കരകളുടെ നേതൃത്വത്തിലാണ് കെട്ടുകാഴ്ചകൾ ഒരുക്കിയത്. ഉച്ചകഴിഞ്ഞ് കരകേന്ദ്രങ്ങളിൽ നിന്നു കരക്കാരൊന്നടങ്കം ചേർന്ന് വാദ്യമേളങ്ങളുടെയും അമ്മൻകുടം തുള്ളലിന്റേയും കലാരൂപങ്ങളുടെയും അകമ്പടിയോടെ കെട്ടുകാഴ്ചകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. 4 മണിയോടെ കെട്ടുകാഴ്ചകൾ ക്രമപ്രകാരം കളിക്കണ്ടത്തിൽ പ്രവേശിച്ചു. തുടർന്ന് ജീവത എഴുന്നള്ളിച്ചു. ക്ഷേത്രാങ്കണത്തിലെത്തി വലംവച്ച് യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. അലങ്കരിച്ച ഗജവീരനും നേർച്ചക്കാളകളും കെട്ടുകാഴ്ചയ്ക്ക് മിഴിവേകി.