ഭാര്യയെ ​കുത്തിക്കൊന്ന യുവാവ് റിമാൻഡിൽ

Saturday 04 February 2023 1:47 AM IST

രാമനാട്ടുകര:​ ​ കോടമ്പുഴ പള്ളിമേത്തലിൽ വീട്ടിൽ ​ ഭാര്യയെ​ കുത്തിക്കൊന്ന​ ​​യുവാവിനെ പൊലീസ് റിമാൻഡ് ചെയ്തു . ​ ​ പാലക്കാട് മണ്ണാർക്കാട് സ്വദേശി മല്ലിക (42) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കോടമ്പുഴ പള്ളിമേത്തൽ ചാത്തൻപറമ്പ് ഇയ്യത്ത് കല്ലിന് സമീപം പുള്ളിത്തൊടി ലിജേഷ് (37) ആണ് റിമാൻഡിലായത്. വ്യാഴാഴ്‌ച രാത്രി 8.45 ഓടെ പള്ളിമേത്തലിലെ വീട്ടിലായിരുന്നു സംഭവം​. കത്രിക ഉപയോഗിച്ചാണ് കുത്തിയത്.

കൊലപാതകം നടക്കുമ്പോൾ ഇവരുടെ ആറും മൂന്നരയും വയസായ രണ്ട് കുഞ്ഞുങ്ങൾ വീട്ടിലുണ്ടായിരുന്നു. ലിജേഷ് തന്നെയാണ് കൊലപാതക വിവരം ഫറോക്ക് പൊലീസിലും നാട്ടുകാരെയും അറിയിച്ചത്. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുകൂടാറുള്ളതായി പരിസരവാസികൾ പറഞ്ഞു. ഒമ്പത് ​വർഷങ്ങൾക്ക് മുമ്പ് ലിജേഷ് ​പാലക്കാട് ജോലിക്ക് പോയ​ ​അവസരത്തിലാണ് മല്ലികയെ പരിചയപെടുന്നതും ​വിവാഹം കഴിച്ചതും.

ലിജേഷിന്റെ അമ്മയുടെ നാടായ ഫറോക്ക് കോടമ്പുഴ പള്ളിമേത്തലിൽ വീടുവെച്ച് താമസിക്കുകയായിരുന്നു. ആദ്യ വിവാഹത്തിൽ മല്ലികയ്ക്ക് ​ 22 ​​ വയസായ​ മകനുണ്ട്. പരസ്പര സംശയവും ഭാര്യ ജോലിക്ക് പോകുന്നതിലെ എതിർപ്പുമാണ് കൊലപാതകത്തിൽ കലാശിച്ചതെ​ന്ന് പൊലീ​സ് പറഞ്ഞു.​ മൃതദേഹം വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജി​ൽ പോസ്റ്റ്‌മോർട്ടം ചെയ്തശേഷം വൈകീട്ട് അഞ്ചു മണിയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജു, ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദീഖ്​, ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി. ​