ബീഹാറിനു പകരം രാജസ്ഥാൻ; ഇൻഡിഗോക്കെതിരെ അന്വേഷണം

Saturday 04 February 2023 1:48 AM IST

ന്യൂഡൽഹി: ബീഹാറിലെ പട്നയിലേക്ക് പോകേണ്ട യാത്രക്കാരനെ 1400 കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഉദയ്പൂരിൽ ഇറക്കിയ സംഭവത്തിൽ ഇൻഡിഗോ വിമാനത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ). ജനുവരി 30നായിരുന്നു സംഭവം. അഫ്സർ ഹുസൈൻ എന്ന യാത്രക്കാരൻ പട്നയിലേക്ക് പോകാനാനുള്ള ഇൻഡിഗോ വിമാനം ബുക്ക് ചെയ്യുകയും ഡൽഹി വിമാനത്താവളത്തിലെത്തുകയും ചെയ്തു. എന്നാൽ ഉദയ്പൂരിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനത്തിലാണ് കയറിയത്. ഉദയ്പൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബദ്ധം മനസിലായത്. തുടർന്ന് വിമാനത്താവളത്തിലെ അധികൃതരെയും വിമാനക്കമ്പനിയെയും ഇയാൾ വിവരം അറിയിച്ചു. അതേദിവസം തിരിച്ച് ഡൽഹിയിലേക്കും അവിടുന്ന് 31ന് പട്നയിലേക്കും ഇൻഡിഗോ വിമാനം ഇയാളെ എത്തിച്ചു. അന്വേഷണം നടന്നു വരികയാണെന്നും എയർലൈനെതിരെ നടപടിയെടുക്കുമെന്നും ഡി.ജി.സി.എ അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ ബോർഡിംഗ് പാസ് കൃത്യമായി സ്കാൻ ചെയ്യാത്തതെന്തു കൊണ്ടാണെന്നും വിമാനത്തിൽ കയറുന്നതിനു രണ്ട് മിനിട്ട് മുമ്പ് രണ്ടിടങ്ങളിൽ പരിശോധന നടത്തുമ്പോൾ തെറ്റ് സംഭവിക്കുന്നതെങ്ങനെയെന്നും ഡി.ജി.സി.എ ചോദിച്ചു.

വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 13നും സമാനമായ സംഭവമുണ്ടായി. ഇൻഡോറിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരൻ നാഗ്പൂരിലാണ് എത്തിപ്പെട്ടത്.