പ്രണീത് കൗറിനെ പുറത്താക്കി കോൺഗ്രസ്

Saturday 04 February 2023 1:55 AM IST

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ ഭാര്യയും പാട്യാലാ എം.പിയുമായ പ്രണീത് കൗറിനെ കോൺഗ്രസ് പുറത്താക്കി. ബി.ജെ.പിയെ സഹായിക്കും വിധമുള്ള പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 2021 നവംബറിൽ പ്രണീതിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് പുറത്താക്കൽ നടപടിയുണ്ടായത്.

പ്രണീതിനെതിരെ നടപടിയാവശ്യപ്പെട്ട് പി.സി അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗും പഞ്ചാബിലെ മുതിർന്ന നേതാക്കളും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് നൽകിയ പരാതി പരിഗണിച്ച അച്ചടക്കസമിതി നടപടിക്ക് ശുപാർശ ചെയ്‌തെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു.

2021 സെപ്തംബറിൽ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് അമരീന്ദർ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. തിരഞ്ഞെടുപ്പിൽ എൻ.ഡി.എ പിന്തുണയോടെ മത്സരിച്ച അമരീന്ദറിനു വേണ്ടി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ റോഡ് ഷോയിൽ പ്രണീത് പങ്കെടുത്തത് വിവാദമായിരുന്നു.

Advertisement
Advertisement