തെലങ്കാനയുടെ പുതിയ സെക്രട്ടേറിയറ്റിൽ തീപിടിത്തം

Saturday 04 February 2023 1:57 AM IST

ഹൈദരാബാദ്: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം നിലനിൽക്കെ നിർമ്മാണത്തിലിരിക്കുന്ന ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം. എൻ.ടി.ആർ ഗാർഡനു സമീപം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പടർന്നത്. ഇതോടെ പ്രദേശമാകെ പുക നിറഞ്ഞു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പത്ത് അഗ്നിശമന സംഘങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു. 17ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തം.