ബി ബി സി നിരോധനം:യഥാർത്ഥ രേഖകൾ ഹാജരാക്കണമെന്ന് സുപ്രീംകോടതി

Saturday 04 February 2023 1:59 AM IST

ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി നിരോധനവുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. അടുത്ത വാദം കേൾക്കുമ്പോൾ രേഖകൾ ഹാജരാക്കണം. വിഷയത്തിൽ താത്‌കാലിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. മാദ്ധ്യമ പ്രവർത്തകൻ എൻ.റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയ്‌ത്ര എന്നിവരുടെ സംയുക്ത ഹർജിയും അഭിഭാഷകനായ എം.എൽ ശർമ്മ സമർപ്പിച്ച ഹർജിയും പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഐ.ടി നിയമം 2021 പ്രകാരമുള്ള അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞതെന്ന് എൻ.റാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗ് വാദിച്ചു. എന്നാൽ എന്തുകൊണ്ടാണ് നിങ്ങൾ ഹൈക്കോടതിയിൽ പോകാതിരുന്നതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. ഐ.ടി ചട്ടങ്ങൾ ചോദ്യം ചെയ്ത് ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന ഹർജികൾ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം സുപ്രീം കോടതി തന്നെ മാറ്റിയതായി മറുപടി നൽകിയ ചന്ദർ ഉദയ് സിംഗ് ഈ വിഷയങ്ങൾ കേൾക്കുന്നതിൽ നിന്ന് ഹൈക്കോടതികളെ സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നും പറഞ്ഞു.

ഇതേ ചട്ടങ്ങൾ അനുസരിച്ചാണോ ബി.ബി.സി ഡോക്യുമെന്ററിക്ക് വിലക്ക് കല്പിച്ചതെന്ന് ബെഞ്ച് ചോദിച്ചു. ഇതേ വകുപ്പുകളനുസരിച്ചാണെന്നും ഐ.ടി ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ബോംബെ, മദ്രാസ് ഹൈക്കോടതികൾ ഇതിനകം സ്റ്റേ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മറുപടി നൽകി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ സർവകലാശാലകൾ നടപടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലെ പ്രശ്നങ്ങൾ മറ്റൊരു വിഷയമാണെന്നും കോടതി പറഞ്ഞു. ഡോക്യുമെന്ററി നിരോധിച്ചെങ്കിലും ജനങ്ങൾ വീഡിയോ കാണുന്നുണ്ടെന്നത് ഒരു വസ്തുതയാണെന്ന് വാദം കേൾക്കൽ നേരത്തെയാക്കണമെന്ന ചന്ദർ ഉദയ് സിംഗിന്റെ ആവശ്യം നിരസിച്ചു കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.

Advertisement
Advertisement