അദാനി വിഷയത്തിൽ രണ്ടാം ദിവസവും പാർലമെന്റ് സ്‌തംഭിപ്പിച്ച് പ്രതിപക്ഷം

Saturday 04 February 2023 2:00 AM IST

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുന്നയിച്ച് തുടർച്ചയായ രണ്ടാംദിവസവും പ്രതിപക്ഷം പാർലമെന്റ് സ്‌തംഭിപ്പിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടനുസരിച്ച് ഓഹരി വിപണിയിലുണ്ടാക്കിയ ഇടിവ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളെ ബാധിച്ചോയെന്ന് അന്വേഷിക്കണം. സംയുക്ത പാർലമെന്ററി സമിതിയുടെയോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പാനലിന്റെയോ അന്വേഷണത്തിന് പുറമെ അദാനി തർക്കം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അദാനി വിഷയത്തിൽ 15 അടിയന്തര നോട്ടീസ് പ്രമേയങ്ങളാണ് രാജ്യസഭയ്ക്കു മുമ്പാകെ വന്നത്. എന്നാൽ അവ ചട്ടപ്രകാരമല്ലാത്തതിനാൽ പരിഗണിക്കാനാകില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി.

രണ്ടര വരെ നിറുത്തിവച്ച സഭ വീണ്ടും സമ്മേളിച്ചെങ്കിലും ബഹളം തുടർന്നതിനാൽ തിങ്കളാഴ്‌ച വരെ പിരിയുകയായിരുന്നു. രാവിലെ 11മണിക്ക് സമ്മേളിച്ച ലോക്‌സഭ ബഹളത്തെ തുടർന്ന് 2 മണി വരെ നിറുത്തിവച്ചു. വീണ്ടും ബഹളം തുടർന്നതിനാൽ തിങ്കളാഴ്‌ചത്തേക്ക് പിരിഞ്ഞു.

ഇന്നലെ രാവിലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ, ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരണമെന്ന് തീരുമാനിച്ചിരുന്നു.

ബി.ജെ.പി എം.പിമാർക്ക് ക്ളാസ്

അതിനിടെ ബഡ്‌ജറ്റിലെ ജനപ്രിയ ഘടകങ്ങളെക്കുറിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബി.ജെ.പി എംപിമാർക്ക് പ്രത്യേക ക്ളാസെടുത്തു. ജനപ്രിയ പദ്ധതികളെക്കുറിച്ച് എം.പിമാർ തങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാരുമായി സംവദിക്കണമെന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് ക്ളാസെടുത്തത്.