കർശന നടപടികൾ ക്ഷണിച്ച് വരുത്തരുത്: സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിൽ ഉടൻ തീരുമാനമെന്ന് എ ജി

Saturday 04 February 2023 2:02 AM IST

ന്യൂഡൽഹി: കൊളീജിയം ശുപാർശകളിൽ അസുഖകരമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുതെന്ന് സുപ്രീംകോടതി. ബംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം,​ സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശയിൽ ഉടൻ നടപടിയുണ്ടാകുമെന്ന് അറ്റോർണി ജനറൽ വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി.

ഞായറാഴ്ചയ്ക്കുള്ളിൽ നിയമനമുണ്ടാകുമെന്നും ചിലപ്പോൾ അത് വെള്ളിയാഴ്ച തന്നെ സംഭവിക്കാമെന്നും എ.ജി പറഞ്ഞു. ഉത്തരവ് സംബന്ധിച്ച ഫയൽ രാഷ്ട്രപതി ഭവനിലേക്ക് പോയിട്ടുണ്ട്. എന്നാൽ ഉത്തരവിൽ ദിവസം രേഖപ്പെടുത്തരുതെന്ന് എ.ജി അഭ്യർത്ഥിച്ചു. എന്നാൽ എ.ജി പറഞ്ഞതിലും കൂടുതൽ ദിവസം സുപ്രീംകോടതി അനുവദിച്ചു. ജഡ്ജിമാരുടെ നിയമന ഉത്തരവ് പുറപ്പെടുവിക്കാൻ അഞ്ച് ദിവസത്തെ സമയം അനുവദിച്ച് കോടതി ഉത്തരവിട്ടു.

ഞായറാഴ്ചയ്ക്കുള്ളിൽ നിയമിക്കും എന്ന് എ.ജി പറഞ്ഞു. എന്നാൽ,​ അപ്രതീക്ഷിത കാലതാമസമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഞങ്ങൾ കൂടുതൽ സമയം അനുവദിച്ചെന്ന് ബെഞ്ച് വ്യക്തമാക്കി.

കൊളീജിയം ശുപാർശകൾ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുന്നത് സംബന്ധിച്ച ആശങ്ക കോടതി ആവർത്തിച്ചു. ഇത് ഞങ്ങളെ ശരിക്കും വിഷമിപ്പിക്കുന്നു. 2022 നവംബറിലെ ചില ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച നിർദ്ദേശങ്ങളിൽ കേന്ദ്ര നിയമമന്ത്രാലയം ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. ഇതിൽ എന്തെങ്കിലും കാലതാമസമുണ്ടായാൽ അത് സുഖകരമല്ലാത്ത ജുഡിഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് നടപടികളിലേക്ക് പോയേക്കുമെന്ന് എ.ജിയെ അറിയിച്ചതായും ഉത്തരവിൽ പറയുന്നു. കേസിൽ 13ന് വീണ്ടും വാദം കേൾക്കും.