പുത്തൂർ പാർക്കിന് 6 കോടി, പൂരത്തിന് 8 കോടി... കയ്പും മധുരവും !
തൃശൂർ: തൃശൂർ പൂരം ഉൾപ്പെടെയുള്ള പൈതൃക ഉത്‌സവങ്ങൾക്കും പ്രാദേശിക സാംസ്‌കാരിക പരിപാടികൾക്കുമായി എട്ട് കോടിയും പുത്തൂർ സുവോളജിക്കൽ പാർക്കിന് ആറ് കോടിയും നീക്കിവച്ചെങ്കിലും ബഡ്ജറ്റ് വൻവിലക്കയറ്റത്തിന് കാരണമാകുമെന്ന ആക്ഷേപം ശക്തം. പെട്രോൾ ഡീസൽ വിലയിൽ രണ്ട് രൂപ സെസ് ഈടാക്കാനുള്ള നിർദ്ദേശം വിലക്കയറ്റത്തിന് വരെ ഇടയാക്കുമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം.
വ്യാപാരി സമൂഹത്തെ സഹായിക്കുന്ന യാതൊരു നിർദ്ദേശവും ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും വാറ്റ് നികുതി, കേരള ഫ്‌ളഡ് സെസ് മുതലായവയിലെ കുടിശ്ശികയുള്ള അഡ്ജസ്റ്റ്‌മെന്റുകൾക്ക് ആംനെസ്റ്റി സ്‌കീം പ്രഖ്യാപിക്കാത്തത്, ചെറുകിട ഇടത്തരം വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. പെട്രോളിനും, ഡീസലിനും രണ്ട് രൂപ വീതം സർച്ചാർജ്ജ് ഏർപ്പെടുത്തിയത് കൊവിഡാനന്തരം ഉയർത്തെഴുന്നേൽക്കുന്ന വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാണെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റപ്പെടുത്തി.
ശക്തൻ മാർക്കറ്റ് വികസനത്തിന് 50 കോടി
തൃശൂർ മണ്ഡലത്തിലെ ശക്തൻ മാർക്കറ്റ് വികസനത്തിന് 50 കോടിയും ബിഷപ്പ് പാലസ് റോഡിൽ പെൻഷൻ മൂല നവീകരണത്തിനായി 10 കോടിയും അനുവദിച്ചു. കളക്ടറേറ്റ് അനക്‌സ് 25 കോടി, ഗവ. എൻജി. കോളേജിലെ പ്രവൃത്തികൾക്ക് 34 കോടി, പറവട്ടാനി സ്റ്റേഡിയം 10 കോടി, മണ്ണുത്തി റോഡ് 10 കോടി തുടങ്ങിയവയാണ് മറ്റ് നീക്കിവെയ്പ്പുകൾ.
ഒല്ലൂരിന് 140 കോടി
ഒല്ലൂർ മണ്ഡലത്തിൽ മാത്രം 140 കോടിയുടെ പ്രവൃത്തികളാണ് ബഡ്ജറ്റിലുള്ളത്. ഏറ്റവും കൂടുതൽ തുക നീക്കിവെച്ച മണ്ഡലത്തിലൊന്നാകും ഒല്ലൂർ. പീച്ചി- പുത്തൂർ കായൽ ടൂറിസം വികസനത്തിന് 15 കോടിയാണ് അനുവദിച്ചത്. പുത്തൂർ സെന്റർ വികസനത്തിന്റെ തുടർപ്രവർത്തനത്തിന് 25 കോടി, പീച്ചി ഐ.ടി.ഐ കെട്ടിട നിർമ്മാണത്തിന് 10 കോടി, ചുവന്നമണ്ണ് ഫയർ സ്റ്റേഷൻ നിർമ്മാണത്തിന് 10 കോടി, മുളയം വാട്ടർ ടാങ്ക് പള്ളിക്കണ്ടം കൂട്ടാല റോഡ് നവീകരണത്തിന് 8 കോടി, വലക്കാവ് താളിക്കുണ്ട് അശാരിക്കാട് മുരുക്കുംപാറ റോഡ് അഭിവൃദ്ധിപ്പെടുത്തലിന് 8 കോടി, പുല്ലുകുളം ടൂറിസം വികസന പദ്ധതി 5 കോടി, പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി, ചാത്തംകുളം നവീകരണത്തിന് 2 കോടി, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ് ടൂറിസം വികസനത്തിന് 3 കോടി, പെരുവാങ്കുളങ്ങര റോഡ് നവീകരണത്തിന് 3 കോടി തുടങ്ങിയവയാണ് പ്രധാന പദ്ധതികൾക്കുള്ള നീക്കിവെയ്പ്.
മെഡിക്കൽ കോളേജിന് 25.4 കോടി
ഗവ.മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 25.4 കോടി രൂപ അനുവദിച്ചു. ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുടെ വികസനത്തിനായി വകയിരുത്തിയ തുകയിൽ തൃശൂരിന് 2.9 കോടി ലഭിക്കും. ഭിന്നശേഷി വയോജന സൗഹൃദ പരിസ്ഥിതി ഉറപ്പാക്കാനായി 2.6 കോടി അനുവദിച്ചിട്ടുണ്ട്. കൃത്രിമ കൈകാലുകൾ ഘടിപ്പിക്കുന്ന കേന്ദ്രത്തിനുള്ള കെട്ടിട നിർമ്മാണത്തിനും തുക അനുവദിച്ചു.
ടൂറിസം മുതൽ മെഡിക്കൽ കോളേജ് വരെ
വാഴച്ചാലിൽ ഗോത്രവർഗ പൈതൃക സംരക്ഷണ കേന്ദ്രം വടക്കാഞ്ചേരി മണ്ഡലത്തിൽ 199.6 കോടി പുതുക്കാട് മണ്ഡലത്തിന് 10 കോടി കുന്നംകുളം മണ്ഡലത്തിന് 14.60 കോടി ഗുരുവായൂർ മണ്ഡലത്തിന് 10 കോടി.
തൃശൂർ മാനസിക ആരോഗ്യ കേന്ദ്രം 9 കോടി
എക്‌സൈസ് അക്കാഡമി 5 കോടി
പീച്ചിയിലെ ടൂറിസം വികസനത്തിന് 5 കോടി
പുത്തൂർ കായൽ ടൂറിസം വികസനത്തിന് 10 കോടി
ഗവ.നഴ്സിംഗ് കോളേജിനായി 6.53 കോടി
ഗവ. ഡെന്റൽ കോളേജിന് 5.33 കോടി
ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് 12.5 കോടി
സെസ് പിൻവലിക്കണം
ഡീസലിനും പെട്രോളിനും രണ്ട് രൂപ സെസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം പിൻവലിക്കണം. ഇല്ലെങ്കിൽ വിദ്യാർത്ഥികളുടെ അടക്കം ബസ് ചാർജ്ജ് കൂട്ടണം.
സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
ട്രിച്ചൂർ ഡിസ്ട്രിക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
രൂക്ഷമായ വിലക്കയറ്റത്തിന് ബഡ്ജറ്റ് നിർദ്ദേശം കാരണമാകും. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവുമുയർന്ന വില ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. കർണാടകയേക്കാൾ പെട്രോളിന് 12 രൂപ കൂടുതലാണ്. ഇനിയും കൂട്ടാനുള്ള തീരുമാനം പിൻവലിക്കണം. ക്ഷേമ പെൻഷനുകൾ ഒരു രൂപ പോലും കൂട്ടാനുള്ള മനസും കാണിച്ചില്ല. കിഫ്ബി പരാജയമാണെന്ന് വ്യക്തമായ സ്ഥിതിക്ക് കിഫ്ബിയുടെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണം.
അഡ്വ.കെ.കെ അനീഷ്‌കുമാർ ജില്ലാ പ്രസിഡന്റ്, ബി.ജെ.പി.
കരിദിനം ആചരിക്കും
കേന്ദ്ര കേരള ബഡ്ജറ്റുകൾ രാജ്യത്തെ സാധാരണക്കാർക്കും കർഷകർക്കും തൊഴിൽ രഹിതർക്കും നിരാശ നൽകുന്നതാണ്. കേന്ദ്ര ബഡ്ജറ്റ് പതിവുപോലെ കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്തുകയാണ്. ബഡ്ജറ്റ് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂട്ടുന്നു. കേന്ദ്ര, കേരള ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കും. വൈകിട്ട് അഞ്ചിന് മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.
ജോസ് വള്ളൂർ ഡി.സി.സി പ്രസിഡന്റ്