യു.എസിന് മീതെ ചൈനയുടെ ബലൂൺ, ഖേദപ്രകടനവുമായി ചൈന  ചൈന സന്ദർശനം മാറ്റിവച്ച് ആന്റണി ബ്ലിങ്കൻ

Saturday 04 February 2023 6:27 AM IST

വാഷിംഗ്ടൺ: ആശങ്ക വർദ്ധിപ്പിച്ച് അമേരിക്കൻ ആകാശത്ത് ചൈനയുടെ നിരീക്ഷണ ബലൂൺ. ചൈനയുടെ ചാര ബലൂൺ ആണിതെന്നായിരുന്നു ആശങ്ക. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കൻ പ്രദേശങ്ങൾക്ക് മുകളിലൂടെ പറക്കുന്ന ബലൂൺ ഏറ്റവും ഒടുവിൽ ബുധനാഴ്ച പടിഞ്ഞാറൻ സംസ്ഥാനമായ മൊണ്ടാനയ്ക്ക് മുകളിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ബലൂൺ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്നും നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ച് യു.എസിലെത്തിയതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബലൂൺ യു.എസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതിൽ ചൈന ഖേദം പ്രകടിപ്പിച്ചു.

നിരീക്ഷണ ബലൂൺ സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കുകയാണെന്നും കാര്യങ്ങൾ വ്യക്തമാകുന്നതിന് മുന്നേ ഊഹാപോഹങ്ങളും അമിത പ്രചാരണവും ഉയരുന്നത് പ്രശ്നം ശരിയായി പരിഹരിക്കാൻ സഹായിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം.

രാജ്യത്തെ ആണവ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന മൂന്ന് കേന്ദ്രങ്ങളിൽ ഒന്നായ മാംസ്ട്രോം എയർ ഫോഴ്സ് ബേസ് മൊണ്ടാനയിലാണ്. തന്ത്രപ്രധാന മേഖലകളിലൂടെ പറന്ന് വിവരങ്ങൾ ചോർത്തുകയാണ് ബലൂണിന്റെ ലക്ഷ്യമെന്ന് അധികൃതർ സംശയിച്ചിരുന്നു. ബലൂണിനെ അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ നിരീക്ഷണത്തിലാണ്.

ബലൂൺ വെടിവച്ചു വീഴ്ത്താൻ സൈന്യം തീരുമാനിച്ചെങ്കിലും താഴേക്ക് പതിക്കുന്നത് ജനങ്ങൾക്ക് അപകടം സൃഷ്ടിച്ചേക്കാമെന്നതിനാൽ ഉപേക്ഷിച്ചു. എഫ് - 22 അടക്കമുള്ള യുദ്ധവിമാനങ്ങളെയും സജ്ജമാക്കിയിരുന്നു. ബലൂണിന്റെ നിലവിലെ സ്ഥാനമോ മറ്റ് വിവരങ്ങളോ ഇന്നലെ പെന്റഗൺ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയില്ല.

ഇത്തരം ബലൂണുകൾ മുമ്പും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ബലൂൺ ഏറെ നേരം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതായും പെന്റഗൺ അറിയിച്ചു. നിരീക്ഷണ സാങ്കേതികവിദ്യയുടെ ഏറ്റവും പഴയ രൂപങ്ങളിലൊന്നാണ് ബലൂൺ. വിഷയത്തിൽ ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.

കാനഡയുടെ ഭാഗങ്ങളിലും ബലൂൺ സഞ്ചരിച്ചു. ബലൂണിനെ ശ്രദ്ധയിൽപ്പെട്ടെന്നറിയിച്ച കാനഡ എന്നാൽ ചൈനയുടെ പേര് പരാമർശിച്ചില്ല.

അതേ സമയം, ബലൂൺ വിവാദത്തിനിടെ നാളെ മുതൽ തുടങ്ങാനിരുന്ന ചൈന സന്ദർശനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാറ്റിവച്ചു. യു.എസ് ജനപ്രതിനിധി സഭാ മുൻ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ ഓഗസ്റ്റിൽ തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ യു.എസ് - ചൈന ബന്ധത്തിൽ വിള്ളലുകൾ രൂക്ഷമായിരുന്നു.

 എവിടെ കണ്ടു ?

അലാസ്കയിലെ അലൂഷ്യൻ ഐലൻഡ്സ്, കാനഡ, മൊണ്ടാനയിലെ ബില്ലിംഗ്സ് നഗരം

 വലിപ്പം

ബലൂണിന്റെ വലിപ്പം സംബന്ധിച്ച കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ലഭ്യമായ സൂചനയനുസരിച്ച് ബലൂൺ താരതമ്യേന വലുതെന്ന് കരുതുന്നു. ദൂരത്തിൽ നിന്ന് പോലും പൈലറ്റുമാർക്ക് ആകാശത്ത് ഈ ബലൂണിനെ കാണാമെന്നാണ് റിപ്പോർട്ട്. മൂന്ന് ബസിന്റെ വലിപ്പം ബലൂണിനുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

 ഭീഷണി ?

ബലൂൺ രാജ്യ സുരക്ഷയ്ക്ക് നിലവിൽ ആശങ്കയില്ലെന്ന് യു.എസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. ബലൂൺ എവിടെയാണെന്നും എവിടേക്കാണ് സഞ്ചാര ദിശയെന്നും അധികൃതർക്ക് അറിയാം. ജനങ്ങൾക്കോ യാത്രാ വിമാനങ്ങൾക്കോ ഭീഷണിയില്ല. കൊമേഴ്ഷ്യൽ വിമാനങ്ങൾ പറക്കുന്നതിൽ നിന്ന് ഏറെ ഉയരത്തിലൂടെയാണ് ബലൂണിന്റെ സഞ്ചാരം. ചാര ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ വിവരങ്ങളൊന്നും ബലൂണിന് ശേഖരിക്കാനാകില്ല.

 ആകാശത്ത് എത്ര ഉയരത്തിൽ പറക്കും ? ( സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം )

 യാത്രാവിമാനം - 40,000 അടി

 യുദ്ധവിമാനം - 65,000 അടി

 നിരീക്ഷണ ബലൂൺ - 80,000 അടി - 120,000 അടി