'എന്നോടെന്നല്ല ആരോടും ഇങ്ങനെ ചെയ്യരുത്, ഒരുപാട് പേരുടെ ജീവിതമാണ്'; ഇരട്ട റിലീസിന് പിന്നാലെ ജോജു ജോർജ്
പേരുപോലെ തന്നെ കൗതുകമൊളിപ്പിച്ചുകൊണ്ട് പ്രേക്ഷകരിലേയ്ക്ക് എത്തിയ ചിത്രമാണ് 'ഇരട്ട'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ ജോജു ജോർജും സംവിധായകൻ രോഹിത്തും മറ്റ് അണിയറ പ്രവർത്തകരും. ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ അതിനെക്കുറിച്ച് മോശമായി ഒരു യൂട്യൂബ് വീഡിയോ പുറത്തിറങ്ങിയെന്നും, അത് ശരിയായില്ലെന്നുമാണ് ജോജു പറയുന്നത്. ചിത്രം മോശമാണെങ്കിൽ അത് പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ, സിനിമ കാണാതെ പറഞ്ഞുപരത്തുന്നത് ശരിയല്ല, എന്നോടെന്നല്ല ആരോടും ഇങ്ങനെ ചെയ്യരുത്. കർമ്മത്തിൽ വിശ്വസിക്കുന്നയാളാണ് താൻ എന്നും ജോജു പറഞ്ഞു. ഒരുപാട് പേരുടെ ജീവിതം വച്ച് കളിക്കാൻ പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രോഹിത്താണ് നിർവഹിച്ചിരിക്കുന്നത്. മനു ആന്റണിയുടെ എഡിറ്റിംഗ്, വിജയ്‌യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയ്‌യുടെ സംഗീതം ഇതെല്ലാം ഒത്തിണങ്ങിയപ്പോൾ ചിത്രം അതിമനോഹരമായി. ജോജുവിന്റെയും മറ്റ് താരങ്ങളുടെയും അഭിനയം ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്. ഗൗരവതരമായ ഒരു കഥയും കഥാപശ്ചാത്തലവും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു മികച്ച കുറ്റാന്വേഷണ ചിത്രമാണ് ഇരട്ട.