പത്മ പുരസ്‌കാരം ഏറ്റുവാങ്ങാൻ കാത്തുനിന്നില്ല, മലയാളത്തിന്റെ സ്വന്തം വാണിയമ്മ വിടവാങ്ങി

Saturday 04 February 2023 3:06 PM IST

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നുച്ചയോടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം. നെറ്റിയിൽ പൊട്ടലുണ്ടായിരുന്നു. സംഗീതലോകത്ത് അൻപത്തിരണ്ട് വർഷം തികഞ്ഞ വേളയിലാണ് വിയോഗം.

1945ൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാം ബോളിവുഡിലൂടെയാണ് സംഗീതലോകത്തേയ്ക്ക് ചുവടുവച്ചത്. എട്ടാം വയസിൽ ആകാശവാണിയിലാണ് ആദ്യ ആലാപനം. കലൈവാണി എന്നാണ് യഥാർത്ഥ പേര്. 1971 ഡിസംബർ 2 ന് 'ഗുഡി ' എന്ന ഹിന്ദി ചിത്രത്തിൽ ആദ്യമായി മൂന്നു പാട്ടുകൾ പാടിക്കൊണ്ടാണ് സംഗീത വേദിയിൽ വാണി ജയറാം സ്ഥാനം ഉറപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ വാണി ജയറാമിന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു പ്രഖ്യാപനം.

1974ൽ ചെന്നൈയിലേയ്ക്ക് താമസം മാറിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ സംഗീതലോകത്ത് സജീവമായത്.1973 ജനുവരി 31ന് 'സ്വപ്നം ' എന്ന സിനിമയ്ക്ക് വേണ്ടി ഒ.എൻ.വി കുറുപ്പ് രചിച്ച് സലിൽ ചൗധരി ഈണമിട്ട 'സൗരയൂഥത്തിൽ വിടർന്നൊരു ' എന്ന പാട്ടിലൂടെയാണ് മലയാളത്തിലേക്ക് വന്നത്. തുടർന്ന് മനോഹരമായ ഒരു പിടി പാട്ടുകൾ വാണി അമ്മയുടെ മധുര സ്വരത്തിൽ മലയാളികൾ കേട്ടു.

അന്യ ഭാഷയിൽ നിന്ന് വന്ന് മലയാളിയുടെ സ്‌നേഹാദരങ്ങൾ ആവോളം ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിൽ പ്രമുഖയാണ് വാണി ജയറാം. സലിൽ ചൗധരിക്ക് ശേഷം എം.എസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, എ.ടി.ഉമ്മർ, കണ്ണൂർ രാജൻ , കെ.ജെ. ജോയ് ജോൺസൺ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംഗീതസംവിധായകരുടെയെല്ലാം സംവിധാനത്തിൽ പാട്ടുകൾ പാടാനുള്ള ഭാഗ്യം വാണിജയറാമിന് ലഭിച്ചു.

1975 മുതൽ ഒരു ദശകത്തോളം മലയാള സിനിമ ഗാനങ്ങൾ കൈയ്യടക്കി വച്ചത് വാണിയമ്മയും എസ്. ജാനകി അമ്മയുമാണ്. നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തിന് ഗോപിസുന്ദറിന്റെ സംവിധാനത്തിൽ 'ഓലഞ്ഞാലിക്കുരുവി.... എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വാണി മലയാളത്തിലേക്ക് മടങ്ങി വന്നത്. ഹിറ്റ് ചിത്രങ്ങളായ പുലിമുരുകനിലെ 'മാനത്തെ മാരിക്കുറുമ്പേ', ആക്ഷൻ ഹീറോ ബിജുവിലെ 'പൂക്കൾ പനിനീ

ർ പൂക്കൾ' എന്നിവയാണ് മലയാളത്തിൽ അവസാനമായി പാടിയ പാട്ടുകൾ.

ആദ്യമായി സലിൽ ചൗധരിയുടെ ഈണത്തിൽ മലയാളത്തിൽ ഒരു പാട്ടു പാടാൻ കിട്ടിയ അവസരം ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്ന് വാണി ജയറാം പറഞ്ഞിട്ടുണ്ട്. ആഷാഢമാസം ആത്മാവിൽ മോഹം .... കടക്കണ്ണിലൊരു കടൽ കണ്ടു ..... തിരുവോണപ്പുലരിതൻ .... വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി ..... നാടൻ പാട്ടിലെ മൈന ..... മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ ..... ഏതോ ജന്മകല്പനയിൽ .... സീമന്തരേഖയിൽ, തുടങ്ങി ഒട്ടേറെ ഗാനങ്ങൾ വാണിയുടെ മധുരശബ്ദത്തിൽ മലയാളികളുടെ മനസിൽ പതിഞ്ഞവയാണ്.

Advertisement
Advertisement