പൂർവ ജന്മത്തിൽ പഴനിയാണ്ടവന് നിറയെ തേൻ അഭിഷേകം ചെയ‌്തതിന്റെ ഫലമായി പുനർജനിച്ചു, വാണിയെ കുറിച്ച് അധികം ആർക്കും അറിയാത്ത കാര്യം

Saturday 04 February 2023 5:19 PM IST

ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്‌ടമാണ് വാണി ജയറാമിന്റെ വിയോഗം. നിനച്ചിരിക്കാത്ത ആ വാർത്ത വാണി ജയറാം എന്ന അതുല്യ ഗായികയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ ഞെട്ടലുളവാക്കുന്നതായിരുന്നു. ഗായികയായുള്ള വാണിയുടെ ജന്മം പോലും പൂർവജന്മത്തിലെ സുകൃതത്തിന്റെ ഫലമെന്നാണ് ജ്യോത്സ്യൻ പ്രവചിച്ചിട്ടുള്ളത്. ഇത് വാണി തന്നെ പറഞ്ഞിട്ടുമുണ്ട്.

തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള സംഗീത കുടുംബത്തിലാണ് വാണി ജയറാം ജനിച്ചത്. മൂന്ന് സഹോദന്മാരിലും അഞ്ച് സഹോദരിമാരിലും ഏറ്റവുമൊടുവിലായി എട്ടാമതായാണ് വാണിയുടെ ജനനം. കുട്ടിക്കാലത്ത് വാണിയുടെ സംഗീത സിദ്ധി തിരിച്ചറിഞ്ഞ സംഗീത അദ്ധ്യാപകൻ ഏറ്റവും പ്രയാസമേറിയ മുത്തുസ്വാമി ദീക്ഷിതരുടെ കീർത്തനം അഭ്യസിപ്പിക്കാൻ തുടങ്ങി.

ജനിച്ച് പതിനൊന്നാം നാൾ വാണിയുടെ പേരിടൽ ചടങ്ങിന് സമയമായപ്പോൾ ചില തടസങ്ങളുണ്ടായി. തുടർന്ന് അച്ഛൻ ജ്യോത്സ്യന്റെ അടുത്തെത്തി ജാതകം പരിശോധിപ്പിച്ചു. പൂർവ ജന്മത്തിൽ പഴനിയാണ്ടവന് നിറയെ തേൻ അഭിഷേകം ചെയ‌്ത കുട്ടിയാണെന്നും, അതിന്റെ ഫലമായി ഈ ജന്മത്തിൽ എല്ലാവരും അറിയപ്പെടുന്ന ഗായികയായി കുട്ടി മാറുമെന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. കലൈവാണി എന്നായിരുന്നു ആദ്യ പേര്. വീട്ടിൽ വാണി എന്ന് വിളിക്കുകയും വിവാഹത്തിന് ശേഷം വാണി ജയറാം എന്ന പേരിൽ അറിയപ്പെടുകയുമായിരുന്നു.

ചെന്നൈയിലെ വസതിയിൽ ഇന്നുച്ചയോടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം. നെറ്റിയിൽ പൊട്ടലുണ്ടായിരുന്നു. സംഗീതലോകത്ത് അൻപത്തിരണ്ട് വർഷം തികഞ്ഞ വേളയിലാണ് വിയോഗം.