പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം
കരിവെള്ളൂർ: പുത്തൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. വട്ടപ്പൊയിലിലെ പ്രവാസിയായ ടി.പി. ശ്രീകാന്തിന്റെ വീട് കുത്തിത്തുറന്ന് 20 പവനും പണവുമാണ് കവർന്നത്. ശ്രീകാന്തിന്റെ ഭാര്യ ഷീജയും മകളും മാത്രമാണ് വീട്ടിൽ താമസം. അദ്ധ്യാപികയായ കെ. ഷീജ വെള്ളിയാഴ്ച വൈകീട്ട് 4.45 ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് മാല, മൂന്നു വള, എട്ടു കമ്മൽ, ഒരു കൈചെയിൻ, രണ്ടു മോതിരം എന്നിവയാണ് നഷ്ട്ടപ്പെട്ടത്. 4500 രൂപയും കവർന്നു. രണ്ടു മുറികളിലെ ഷെൽഫിൽ നിന്നാണ് പണവും സ്വർണവും എടുത്തത്. പുറകുവശത്തെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ച ശേഷമാണ് കള്ളൻ അകത്ത് കയറിയത്. മകളുടെ ടീ ഷർട്ട് പുറത്ത് ഉപേക്ഷിച്ചിട്ടുണ്ട്. അകത്തു കടന്ന അടുക്കള ഭാഗത്തെ പൂട്ട് കാണാനില്ല. രണ്ട് മുറിയിൽ മാത്രമാണ് കള്ളൻ കയറിയത്. വീടൊന്നും അലങ്കോലമാക്കിയിട്ടില്ല. പയ്യന്നൂർ സി.ഐ മഹേഷ് കെ. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എം നേതാവ് കെ. മധു, വാർഡ് മെമ്പർ ഹരികുമാർ തുടങ്ങിയവർ വീട് സന്ദർശിച്ചു.