കാലിത്തീറ്റയിലെ ഭക്ഷ്യവിഷബാധ; പാലുത്പാദനത്തിൽ ​കുറവ്, കണ്ണീർ ചുരന്ന് കർഷകർ

Sunday 05 February 2023 12:52 AM IST

കോട്ടയം . "ദിവസം 13 ലിറ്റർ പാൽ തരുന്ന പശുവായിരുന്നു. ഭക്ഷ്യവിഷബാധയേറ്റതിൽ പിന്നെ അത് 2 ലിറ്ററായി കുറഞ്ഞു. എന്തുചെയ്യണമെന്നറിയില്ല. ഈ പ്രതിസന്ധി പെട്ടെന്ന് മാറുമെന്ന് കരുതുന്നില്ല". ക്ഷീരകർഷകനായ പാമ്പാടി സ്വദേശി ജെയിംസി​ന്റെ വാക്കുകളാണിവ. ജില്ലയിൽ കെ.എസ് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ കന്നുകാലികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിൽ പാലുത്പാദനത്തിലുണ്ടായ ​ഗണ്യമായ കുറവ് ക്ഷീരകർഷകരെ ദുരിതത്തിലാക്കുകയാണ്. ദിവസേനയുള്ള പാലുത്പാ​ദനം മൂന്നിലൊന്നായി കുറഞ്ഞെന്ന് കർഷകർ പറയുന്നു.

വീടുകളിൽ നൽകാൻ പാലില്ല. ക്ഷീരസംഘങ്ങളിൽ മാത്രമല്ലാതെ വീടുകളിൽ പാൽ വിതരണം ചെയ്തിരുന്ന കർഷകർക്ക് കനത്ത വെല്ലുവിളിയാണ് ഇത്. പാലുത്പാദനത്തിൽ കുറവ് വന്നതോടെ വീടുകളിലേക്ക് പാൽ കൊടുക്കാൻ കഴിയാതെയായി. ഇതോടെ വരുമാനം ഇടിഞ്ഞു. ഭക്ഷ്യവിഷബാധയേറ്റ് പശു ചത്ത കടുത്തുരുത്തി ആപ്പാഞ്ചിറ ജോബി ജോസഫി​ന്റെ ഫാമിൽ മുൻപ് പ്രതിദിനം 120 ലിറ്റർ പാൽ ലഭിച്ചിരുന്നത് ഇപ്പോൾ 20 ലിറ്ററായി കുറഞ്ഞു.

പാമ്പാടി ഈ​സ്റ്റ് ക്ഷീരോത്പാദക സംഘം പ്രസിഡന്റ് സജികുമാർ പറയുന്നു.

പ്രതിദിനം 900 ലിറ്റർ പാൽ എത്തിയിരുന്ന ക്ഷീരസംഘത്തിൽ നിലവിൽ 600 ലിറ്ററാണ് എത്തുന്നത്. പാലുത്പാദനം സാധാരണ നിലയിലേക്ക് എത്തുമോയെന്നതിൽ സംശയമുണ്ട്.

ജില്ലാ മൃ​ഗസം​രക്ഷണ ഓഫീസർ ഷാജി പണിക്കശ്ശേരിയുടെ വാക്കുകൾ.

കാലത്തീറ്റ കഴിച്ച കന്നുകാലികൾക്കു വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുത്പാദനക്കുറവ് എന്നിവയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പാലുത്പാദനക്കുറവ് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇത് പൂർവ്വസ്ഥിതിയിലാകാൻ സാദ്ധ്യതയില്ല.