ബഡ്ജറ്റിലും അവഗണന: സ്‌കൂൾ പാചകത്തൊഴിലാളികൾ പ്രക്ഷോഭത്തിന്

Sunday 05 February 2023 12:00 AM IST

തൃശൂർ: ബഡ്ജറ്റിൽ സ്‌കൂൾ പാചകത്തൊഴിലാളികളെ ക്രൂരമായി അവഗണിച്ചതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി). ബഡ്ജറ്റിൽ അനുവദിക്കുന്ന വർദ്ധനവിലൂടെയാണ് സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കുന്നത്. എന്നാൽ കഴിഞ്ഞതിലും ഈ ബഡ്ജറ്റിലും വേതനം വർദ്ധിപ്പിച്ചില്ല.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ കുറഞ്ഞവേതനം 700 രൂപയാക്കണമെന്ന് നയപരമായി അംഗീകരിച്ചിരുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള സ്‌കീം പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാനത്ത് സ്‌കൂൾ പാചകത്തൊഴിലാളികളും അംഗൻവാടി ജീവനക്കാരും ജോലി ചെയ്യുന്നത്. അംഗൻവാടി ജീവനക്കാർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കൂൾ പാചകത്തൊഴിലാളികളെയും ആശാ വർക്കർമാരെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ അറിയിച്ചു.