നടുവൊടിഞ്ഞു.

Sunday 05 February 2023 12:57 AM IST

കോട്ടയം . സംസ്ഥാന ബഡ്ജറ്റിന്റെ ആഘാതത്തിലാണ് സാധാരണക്കാർ. അവശ്യസാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകുന്ന ഇന്ധന വിലയുടെ നികുതി പരിഷ്‌ക്കാരവും നിർമ്മാണസാധനങ്ങളുടെ വിലക്കയറ്റവും മറ്റ് നികുതി വർദ്ധനവും സാധാരണക്കാരുടെ നടുവൊടിക്കും. പ്രതിഷേധം എങ്ങും അലയടിക്കുമ്പോൾ സാധാരണക്കാർ പ്രതികരിക്കുന്നു.

കർഷകൻ ഉണ്ണികൃഷ്ണൻ കറുകച്ചാൽ പറയുന്നു. ഘട്ടംഘട്ടമായി റബറിന്റെ തറവില 250 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം എവിടെപ്പോയി. പ്രതീക്ഷ നൽകി റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണ്. ടാപ്പിംഗ് മേഖലയിലെ ഉത്പാദന ചെലവ് വർദ്ധിച്ചതോടെ റബർ കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന വില ലാഭകരമല്ല. റബർ കൃഷിയിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നതാണ് ബഡ്ജറ്റ്. സർക്കാരിനെ വിശ്വസിച്ച് റബർ കൃഷി മുന്നോട്ടുകൊണ്ടുപോകാനാകില്ല.

ശശി പാലൂർ, ചമ്പക്കര പറയുന്നു. പാവപ്പെട്ടനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നതാണ് പെട്രോളും, ഡീസലും. ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാകുന്നതിന് അനുസരിച്ച് അവശ്യസാധനങ്ങളുടെ ഉൾപ്പെടെ വിലയിലും വർദ്ധനവ് നേരിടും. ഇത് ദൈനംദിന ജീവിതത്തെയും സാധാരണക്കാരുടെ, കുടുംബ ബഡ്ജറ്റിന്റെയും താളം തെറ്റിക്കും. സാധാരണക്കാർക്ക് ഉപകാരമാകേണ്ട ബഡ്ജറ്റ് ഇരുട്ടടിയായി മാറി.