യാത്ര ഇനി തടസമാകില്ല; ഫിയറോ ജയിന് താമസിക്കാൻ സ്റ്റാഫ് ക്വാർട്ടേഴ്‌സ്
നടപടി മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്
തൃശൂർ: ഫിയറോ ജയിനെ പിതാവ് ജയ്‌സനാണ് എന്നും വാഹനത്തിൽ ഗവ. എൻജിനിയറിംഗ് കോളേജിലേക്കും തിരിച്ച് തൃശൂരിലെ വാടകവീട്ടിലേക്കും കൊണ്ടുപോയിരുന്നത്. ഭിന്നശേഷിക്കാരനായ ഫിയറോ ജയിൻ ക്‌ളാസിൽ എത്തിയിരുന്നത് വീൽ ചെയറിലും. വയനാട് സ്വദേശിയായ ബി.ടെക് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുടെ യാത്രാ പ്രശ്‌നം മന്ത്രി ആർ. ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്‌നപരിഹാരമായി.
ഒഴിഞ്ഞു കിടന്ന സ്റ്റാഫ് ക്വാർട്ടേഴ്‌സുകളിലൊന്ന് ജയിനും അച്ഛനും താമസിക്കാൻ നൽകി സർക്കാർ ഉത്തരവായി. ഇന്നലെ കോളേജിൽ നടന്ന ചടങ്ങിൽ ജയിന്, മന്ത്രി ഉത്തരവ് കൈമാറി. ഒരാഴ്ചയ്ക്കകം ജയിന്, കുടുംബത്തോടൊപ്പം ക്വാർട്ടേഴ്‌സിലേക്ക് മാറാം. കോഴ്‌സ് കഴിയും വരെ താമസിക്കാം. ഫിയറോ ജയിന്റെ സാഹചര്യം പ്രത്യേകം പരിഗണിച്ചാണ് നടപടി.
മാസങ്ങൾക്ക് മുമ്പ് എൻജിനിയറിംഗ് കോളേജിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ഫിയറോ ജയിന്റെ പ്രശ്‌നം കോളേജ് അധികൃതർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വയനാട് സ്വദേശിയായ ഫിയറോ ജയിൻ പഠനാവശ്യാർത്ഥം അച്ഛന്റെ കൂടെ വാടക വീട്ടിലായിരുന്നു രണ്ടു മാസമായി താമസം.
കോളേജിന് സമീപത്തെ ക്വാർട്ടേഴ്‌സ് അനുവദിക്കപ്പെട്ടതോടെ യാത്ര എളുപ്പമായി. കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്, ഫിയറോയുടെ മാതാപിതാക്കളായ ജയ്‌സൺ, സിബി, സഹോദരൻ ക്രിസ്റ്റി എന്നിവരും വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്തു.
സമൂഹത്തിലെ എല്ലാ മേഖലകളും ഭിന്നശേഷി സൗഹൃദമാക്കും. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനസൗകര്യവും മെച്ചപ്പെടുത്തും.
- ഡോ. ആർ. ബിന്ദു, ഉന്നതവിദ്യാഭ്യാസ മന്ത്രി