അഞ്ച് സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകാരം; നടപടി കൊളീജിയം ശുപാർശ വൈകിപ്പിക്കുന്നതിൽ കർശന താക്കീതിന് പിന്നാലെ

Saturday 04 February 2023 8:11 PM IST

ന്യൂഡൽഹി: കൊളീജിയം ശുപാർശ പ്രകാരം അഞ്ച് പുതിയ സുപ്രീം കോടതി ജ‌ഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി . രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ നിയമനത്തിനാണ് അനുമതി നൽകിയത്. പാനലിലേയ്ക്ക് നിർദേശിച്ച ജഡ്ഡിമാരുടെ നിയമനം വൈകിക്കുന്നതിൽ സുപ്രീം കോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിയമന വിജ്ഞാപനം പുറത്തിറക്കിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് കഴിഞ്ഞ ഡിസംബർ 13 ന് അഞ്ചംഗ ഹൈക്കോടതി ജഡ്ജിമാരുടെ പാനൽ കേന്ദ്രസർക്കാരിന് മുന്നിൽ നിർദേശിച്ചത്. എന്നാൽ ഇവരുടെ നിയമന നടപടികൾ വൈകിപ്പിക്കുന്നതിൽ കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തെ ഗൗരവതരമായി വിശേഷിപ്പിച്ച കോടതി കൊളീജിയം ശുപാർശകളിൽ അസുഖകരമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുതെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ അഞ്ച് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാർശയിൽ ഉടൻ നടപടിയുണ്ടാകുമെന്ന് അറ്റോർണി ജനറൽ വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി.തുടർന്നാണ് ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസ‌ർക്കാർ അംഗീകാരം നൽകിയത്. നിയമന ഉത്തരവിൽ കേന്ദ്രത്തിന്റെ ഉറപ്പുപ്രകാരം രാഷ്ടപതി ഒപ്പിട്ട് വിജ്ഞാപനം പുറത്തിറക്കി. അഞ്ച് ജഡ്ജിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.