അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തിരശീല ഉയരും

Sunday 05 February 2023 12:44 AM IST

തൃശൂർ: സാംസ്‌കാരിക വിനിമയങ്ങൾക്ക് പുതുജീവൻ പകർന്ന് ലോകനാടകക്കാഴ്ചകളുടെ പുത്തൻ ഉണർവിലേക്ക് തിരശീല ഉയർത്താനൊരുങ്ങി നഗരം. കലാനാടക സ്‌നേഹികൾ കാത്തിരുന്ന 'ഇറ്റ്‌ഫോക്' അന്താരാഷ്ട്ര നാടകോത്സവ വിരുന്നിന് ഇന്ന് മുതൽ 10 ദിവസങ്ങളിൽ തൃശൂർ വേദിയാകും. 'ഒന്നിക്കണം മാനവികത' എന്ന പ്രമേയത്തിലൂന്നിയാണ് കേരള സംഗീത നാടക അക്കാഡമി പുത്തൻ നാടകാനുഭവത്തിന്റെ കാണാകാഴ്ചകൾ ഒരുക്കുന്നത്. 14 വരെ നീളുന്ന നാടകോത്സവത്തിന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേരുടെ മേളത്തോടെ അരങ്ങുണരും.

വൈകിട്ട് 5.30ന് പവലിയൻ തിയറ്ററിൽ ഇറ്റ്‌ഫോക് നാടകോത്സവത്തിന്റെയും മുരളി തിയറ്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. മന്ത്രി കെ. രാജൻ ഇറ്റ്‌ഫോക് ബുള്ളറ്റിൻ സെക്കൻഡ് ബെൽ പ്രകാശനം ചെയ്യും. സെക്രട്ടറി മിനി ആന്റണി ആദ്യ കോപ്പി ഏറ്റുവാങ്ങും. മന്ത്രി കെ. രാധാകൃഷ്ണൻ ഫെസ്റ്റിവൽ ടീഷർട്ട് പ്രകാശനം ചെയ്യും. കളക്ടർ ഹരിത വി. കുമാർ ഏറ്റുവാങ്ങും. മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റിവൽ ബാഗ് പ്രകാശനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ ഏറ്റുവാങ്ങും. ടി.എൻ.പ്രതാപൻ എം.പി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. മേയർ എം.കെ. വർഗീസ് പുസ്തകം ഏറ്റുവാങ്ങും. മുഖ്യാതിഥിയായി നടൻ പ്രകാശ് രാജ് പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂർ, ബി. അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ, നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിക്കും. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ആമുഖപ്രഭാഷണം നടത്തും.