കാറുകളിൽ തീപ്പിടിത്തം കൂടി, കാരണങ്ങൾ നിരവധി
തൃശൂർ: മുൻവർഷങ്ങളേക്കാൾ കാറുകളിൽ തീപ്പിടിത്തങ്ങൾ കൂടിയതായും ഇലക്ട്രിക്കൽ തകരാറുകൾ മുതൽ ഇന്ധനചോർച്ച വരെ കാരണങ്ങളാകുന്നുണ്ടെന്നും ഫയർഫോഴ്‌സ്. ജനുവരി 31ന് ചെമ്പൂക്കാവിൽ നിറുത്തിയിട്ട കാറാണ് കത്തിനശിച്ചത്. കണ്ണൂരിൽ കാർ കത്തി രണ്ടുപേർ മരിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും ഓടിക്കൊണ്ടിരിക്കേ കാർ കത്തി. ന്യൂ ജനറേഷൻ കാറുകളുടെ വിൽപ്പന വൻതോതിൽ ഉയർന്നതോടെ ഫയർ സേഫ്ടിയുടെ കാര്യത്തിൽ മുൻഗണന നൽകുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കാലപ്പഴക്കം മൂലവും ശരിയായ അറ്റകുറ്റപ്പണികളുടെ കുറവ് കാരണവും ഇന്ധനലൈനിൽ ലീക്കേജുകൾ സംഭവിക്കാം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം. വനാതിർത്തികളിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഫ്യുവൽലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഫയർഫോഴ്‌സ് മുന്നറിയിപ്പ് നൽകുന്നു. ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.
ചില വാഹനങ്ങളിൽ കാറ്റലറ്റിക് കൺവെർട്ടർ വാഹനത്തിന്റെ മദ്ധ്യഭാഗത്തായി താഴെയായതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളിൽ കൂടി വാഹനം ഓടിത്തുടങ്ങുമ്പോൾ സ്‌പ്രേ രൂപത്തിൽ വരുന്ന ഇന്ധനം വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകും. പെട്രോൾ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് ബാഷ്പീകരിക്കുന്നതിനാൽ കത്തുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.
സൈലൻസറിന്റെയും എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റേയും പല ഭാഗങ്ങൾ ഏകദേശം 600 മുതൽ 700 ഡിഗ്രി വരെ ചൂട് പിടിക്കുവാൻ സാദ്ധ്യതയുള്ള ഭാഗങ്ങളാണ് , അതിനാൽ തന്നെ ഈ ഭാഗത്ത് ഉണ്ടാവുന്ന ഫ്യുവൽ ലീക്കേജ് അത്യന്തം അപകടകരമാണ് .
- പെട്രോൾ സ്പാർക്ക് ഇല്ലാതെ തന്നെ കത്തുന്നത്: 280 ഡിഗ്രി
- ഡീസൽ : 210 ഡിഗ്രി
മറ്റ് കാരണങ്ങൾ:
- എൽ.പി.ജി മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ലീക്കേജിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.
- 55/60 വാട്ട്‌സ് ബൾബുകളുടെ ഹോൾഡറുകളിൽ 100 130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ചാൽ അപകടം
- കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിന്റെ ആർഭാടങ്ങളും സ്പീക്കറുകളും ഗുണനിലവാരമില്ലാത്ത വയറിംഗും
- നിഷ്‌കർഷിച്ച ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും അപകടകരം
- പഴയതും തകരാറുള്ളതുമായ ബാറ്ററികളും ചാർജിംഗ് സിസ്റ്റത്തിലെ തകരാറുകൾ നിമിത്തം ഓവർ ചാർജാക്കുന്നതും
- ലീക്കേജ് മൂലമൊ മറ്റ് യാന്ത്രിക തകരാർ മൂലമൊ കൂളിംഗ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നത്
- ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം.
- തീപ്പെട്ടിയൊ ലൈറ്ററുകളൊ കത്തിച്ച് എൻജിൻ കംപാർട്ട്‌മെന്റൊ ഫ്യുവൽ ടാങ്കൊ പരിശോധിക്കുന്നത്
മുൻവർഷങ്ങളേക്കാൾ കാറുകൾ കത്തുന്നത് പതിവായിട്ടുണ്ട്. കാർ കത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്. മറ്റ് വാഹനങ്ങൾ വളരെ അപൂർവ്വമായാണ് കത്തുന്നതെന്നും ശ്രദ്ധേയമാണ്.
- അരുൺ ഭാസ്‌കർ, ജില്ലാ ഫയർ ഓഫീസർ