കുഴി അടുപ്പിൽ അഗ്നി ജ്വലിച്ചു ; കോറോം മുച്ചിലോട്ട് കാവിൽ പെരുങ്കളിയാട്ടത്തിന് തുടക്കം

Saturday 04 February 2023 9:42 PM IST

പയ്യന്നൂർ : കോറാം മുച്ചിലോട്ട് കാവിൽ 13 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു. ഇന്നലെ രാവിലെ 9.30ന് കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യ സ്വാമിക്ഷേതത്തിൽ നിന്നും ദീപവും തിരിയും ആചാരപ്രകാരം കൊണ്ടു വന്ന് കുഴിയടുപ്പിൽ തീ പകർന്നതോടെയാണ് നാലു നാൾ നീണ്ട് നിൽക്കുന്ന കളിയാട്ടത്തിന് തുടക്കമായത്.

ഉച്ചക്ക് ഒന്നിന് കളിയാട്ടം തുടങ്ങുകയും മൂന്നിന് ആദ്യ തോറ്റം അരങ്ങിലെത്തി. തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചതോറ്റം അരങ്ങിലെത്തി. തോറ്റത്തോടൊപ്പം ഭക്തിനിർഭരമായ നെയ്യാട്ടവും ഉണ്ടായി. വൈകീട്ട് പുലിയൂർ കണ്ണന്റെ വെള്ളാട്ടം അരങ്ങിലെത്തി. തുടർന്ന് അന്നദാനത്തിന് തുടക്കമായി. രാത്രി മൂവർ തോറ്റം, മടയിൽ ചാമുണ്ഡിയുടെയും വിഷ്ണുമൂർത്തിയുടെയും തോറ്റത്തോടെ ആദ്യദിന അനുഷ്ഠാന ചടങ്ങുകൾ അവസാനിച്ചു. ഇന്ന് പുലർച്ചെ മൂന്നിന് പുലിയൂർ കണ്ണൻ പുറപ്പാടോടെ രണ്ടാം ദിവസത്തെ ചടങ്ങുകൾ ആരംഭിക്കും.

കലാ- സാംസ്കാരിക പരിപാടികൾക്കും ഇന്നലെ തുടക്കമായി. വൈകീട്ട് ശിൽപി ഉണ്ണികാനായിയുടെ അദ്ധ്യക്ഷതയിൽ പത്മശ്രീ വി.പി.അപ്പുക്കുട്ട പൊതുവാൾ, സ്വാമി കൃഷ്ണാനന്ദഭാരതി, ബാലൻ കോറോത്ത്,കലാമണ്ഡലം ലത, അസീസ് തായിനേരി,അമ്പു പെരുവണ്ണാൻ,എ.വി.മാധവപൊതുവാൾ,കിഴക്കില്ലത്ത് ഈശ്വരൻ നമ്പൂതിരി, ഗണേഷ്കുമാർ കുഞ്ഞിമംഗലം എന്നിവർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മേഘ്നക്കുട്ടിയും റിച്ചൂട്ടനും നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറി.

ഇന്ന് വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്റ്റീഫൻ ദേവസ്യയും ആട്ടം കലാസമിതിയും ചേർന്നൊരുക്കുന്ന മെഗാ മ്യൂസിക് ഈവന്റ് അരങ്ങേറും.

മുച്ചിലോട്ട് ഇന്ന്

പുലിയൂർ കണ്ണൻ ദൈവം പുറപ്പാട് - പുലർച്ചെ 3 , കണ്ണങ്ങാട്ട് ഭഗവതി - രാവിലെ 6 , പുലിയൂര്കാളി - 7.3o , മടയിൽ ചാമുണ്ഡി - 8.30 , വിഷ്ണുമൂർത്തി - 9, തുലാഭാരം - 9.30, അന്നദാനം - 11 ,(ഉച്ചയ്ക്ക് 1.30 വരെ), മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം , നെയ്യാട്ടം - 3 , പുലിയൂർകണ്ണൻ ദൈവം വെള്ളാട്ടം - 5, അന്നദാനം - 6 (രാത്രി 11 വരെ), മൂവർ തോറ്റം, നെയ്യാട്ടം - രാത്രി 10 , പനയാൽ ഭഗവതി തോറ്റo -11.30 , മടയിൽ ചാമുണ്ഡി തോറ്റം, വിഷ്ണുമൂർത്തി തോറ്റം - 11.45 .

Advertisement
Advertisement