മരിക്കാത്ത ഇതിഹാസം: ഗോപിസുന്ദർ

Sunday 05 February 2023 4:57 AM IST

സംഗീതത്തിലെ ഇതിഹാസമാണ് വാണിയമ്മ. ഇതിഹാസങ്ങൾ മരിക്കുന്നില്ല. അവർ നമ്മളിൽ ജീവിക്കും. വാണിയമ്മയും അങ്ങനെയാണ്. വാണിയമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല. ഇനിയൊരു റെക്കാർഡിംഗിനായി വാണിയമ്മ മുമ്പിൽ വരില്ലല്ലോയെന്ന ദു:ഖം മാത്രമാണ് മനസിലുള്ളത്.

മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, കഴിയുകയുമില്ല. വാണിയമ്മയുടെ പാട്ടുകൾ ഇപ്പോഴും മനസിലുണ്ട്. ഗാനങ്ങളിലൂടെ, വാക്കുകളിലൂടെ വാണിയമ്മ നിറഞ്ഞുനിൽക്കും. എസ്.പി. ബാലസുബ്രഹ്മണ്യം മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാത്തതുപോലെ വാണിയമ്മയും മനസിലുണ്ട്.

വാണിയമ്മയ്ക്കൊപ്പം പാട്ടൊരുക്കുക വലിയ അനുഭവവും എളുപ്പവുമാണ്. പുതിയ തലമുറയിലെ ഗായകർക്കൊക്കെ മാതൃകയാണ് വാണിയമ്മ. വളരെ ശാന്തമായി വന്ന് പ്രതീക്ഷിക്കുന്നതിലും മികവോടെ പാടുന്ന വാണിയമ്മ വിസ്‌മയം തന്നെയാണ്. പുതുതലമുറ പത്തും പന്ത്രണ്ടും ടേക്കെടുക്കുമ്പോൾ വാണിയമ്മ അനായാസം പാടും. 99.9 ശതമാനം പൂർണതയോടെയാണ് ആലാപനം. 1983 സിനിമയ്ക്കുവേണ്ടി ജയചന്ദ്രനൊപ്പം ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരുനീ ... എന്ന ഗാനം എന്റെ സംഗീതത്തിൽ വാണിയമ്മ പാടി. പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ... എന്ന ഗാനവും വാണിയമ്മ പാടിയിട്ടുണ്ട്.

വാണിയമ്മയ്ക്ക് കേരളം അർഹമായ അംഗീകാരവും ആദരവും നൽകിയില്ല. ഒരു സംസ്ഥാന അവാർഡുപോലും നൽകിയിട്ടില്ല. ഒരാൾക്ക് തന്നെ പത്തിലേറെ തവണ അവാർഡ് നൽകിയപ്പോഴും നിരവധി നല്ല ഗാനങ്ങൾ പാടിയ വാണിയമ്മയെ നമ്മൾ മറന്നു. കേരളത്തിന്റെ അവാർഡ് കിട്ടാത്തതിൽ വിഷമം അവർ സ്വകാര്യസംഭാഷണത്തിൽ അറിയിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ നേടിയ വാണിയമ്മയ്ക്ക് അവാർഡ് നൽകിയിരുന്നെങ്കിൽ ആദരിക്കപ്പെടുക കേരളവും മലയാള ഭാഷയുമായിരുന്നു. ആദരിക്കാത്തതിൽ നഷ്ടം നമുക്ക് തന്നെയാണ്. അതിൽ ദു:ഖവും വേദനയും വ്യക്തിപരമായുണ്ട്.