വാണി എന്റെ സഹോദരി

Sunday 05 February 2023 4:58 AM IST

വാണി ജയറാം എനിക്ക് സ്വന്തം സഹോദരിയായിരുന്നു. അവരും എന്നെ ജ്യേഷ്ഠനെപ്പോലെയാണ് കണ്ടത്. 48 വർഷമായി അങ്ങനെ തന്നെയാണ്. മൂന്നു ദിവസം മുൻപും എന്നെ വിളിച്ചതാണ്. എന്നോട് ആരോഗ്യം സൂക്ഷിക്കണമെന്ന് ഉപദേശിച്ചിരുന്നു. വാണി ഏറ്റവും കൂടുതൽ പാടിയത് എന്റെ വരികളാണ്. നികത്താനാവാത്ത നഷ്ടമാണ് വാണിയുടെ വേർപാട്. കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദമായിരുന്നു. എന്റെ മകൻ മരിച്ചപ്പോൾ നേരിൽ വന്ന് ആശ്വസിപ്പിച്ചു. എല്ലാ അഭിമുഖത്തിലും അവർ എന്നെക്കുറിച്ച് പറയുമായിരുന്നു. 1975ലാണ് തിരുവോണം എന്ന ചിത്രത്തിന് ഞാനെഴുതിയ 'തിരുവോണ പുലരി തൻ' എന്ന പാട്ട് അവർ പാടുന്നത്. ഗുഡ്ഡിയിലെ 'ബോലേ രേ പപി' എന്ന ഗാനം കേട്ടപ്പോൾ തന്നെ ആ ഗായികയെ മലയാളത്തിന് പരിചയപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു. ആദ്യമായി പാടിച്ചത് 'സ്വപ്നം' എന്ന ചിത്രത്തിൽ സലിൽ ചൗധരിയായിരുന്നു. രണ്ടാമത്തെ പാട്ട് പാടിക്കാനാണ് എനിക്കവസരം ലഭിച്ചത്. ഏതു പാട്ടായാലും ഭാഷ ചോദിച്ച് മനസിലാക്കുമായിരുന്നു. സംശമുണ്ടെങ്കിൽ വിളിച്ചു ചോദിക്കും. അത്രയും സമർപ്പണമുണ്ടായിരുന്നു. സമാനതയില്ലാത്ത ശബ്ദമായിരുന്നു വാണിയുടേത്. കർണാടക- ഉത്തരേന്ത്യൻ സംഗീതത്തിൽ അപാരജ്ഞാനമുണ്ടായിരുന്നു. അതുകൊണ്ടാണ് നൗഷാദും വസന്ത് ദേശായിയുമൊക്കെ വാണിയെക്കൊണ്ട് പാടിച്ചത്. ദക്ഷിണേന്ത്യൻ ഗായകർക്ക് ഹിന്ദിയിൽ നിലനിൽക്കുക ബുദ്ധിമുട്ടായിരുന്നു അക്കാലത്ത്. ലതാ മങ്കേഷ്കറിനും ആശാ ഭോൺസ്‌ലേയ്ക്കും ഒപ്പം ഇന്ത്യയിലെ മികച്ച ഗായികയാകേണ്ട ആളായിരുന്നു വാണി. അവരുടെ ഭർത്താവ് ജയറാമുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. ഭാര്യയുടെ കലാജീവിതത്തിനായി കരിയർ മാറ്റിവച്ചയാളാണ് ജയറാം. ഇരുവരെയും ഒന്നിച്ചല്ലാതെ കാണുക അപൂർവമായിരുന്നു. ജയറാമിന്റെ മരണ ശേഷം 'ഞാൻ തനിച്ചായില്ലേ' എന്ന് പറയുമായിരുന്നു. പക്ഷേ എനിക്കറിയാവുന്ന വാണി ശക്തയായ സ്ത്രീയായിരുന്നു. ഇനിയുമേറെ പാടാൻ ബാക്കിവച്ചാണ് മടക്കം.

Advertisement
Advertisement