കേന്ദ്ര കേരള ബഡ്ജറ്റുകൾക്കെതിരെ കരിദിനം

Sunday 05 February 2023 12:00 AM IST

തൃശൂർ : പിണറായി സർക്കാരിന്റെ നികുതികൊള്ളയ്ക്കും കോർപറേറ്റുകളെ പ്രീതിപ്പെടുത്തുന്ന മോദി സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനുമെതിരെ കോൺഗ്രസ് കരിദിനം ആചരിച്ചു. മുഴുവൻ കോൺഗ്രസ് മണ്ഡലങ്ങളിലും പ്രതിഷേധപ്രകടനം നടത്തി. പെട്രോളിനും ഡീസലിനും കൂടുതൽ നികുതി ചുമത്തി കേരളത്തിലെ 85 ലക്ഷം കുടുംബങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന ബഡ്ജറ്റ് സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ജില്ലാ തല ഉദ്ഘാടനം തൃശൂർ കിഴക്കേകോട്ടയിൽ നിർവഹിക്കുകയായിരുന്നു ജോസ് വള്ളൂർ. മണ്ഡലം പ്രസിഡന്റ് ഹാപ്പി മത്തായി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി.പോൾ മുഖ്യപ്രഭാഷണം നടത്തി. ബൈജു വർഗ്ഗീസ്, കെ.എഫ് ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. അയ്യന്തോൾ മണ്ഡലത്തിൽ കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.