ഉൾക്കാഴ്ചയിലെ 'വ്യാകരണ'ത്തിൽ വിഷ്ണുപ്രസാദിന് ഡോക്ടറേറ്റ്
അരൂർ: കാഴ്ചയില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ സി.ബി. വിഷ്ണുപ്രസാദ് നേടിയെടുത്തത് മലയാള വ്യാകരണത്തിൽ ഡോക്ടറേറ്റ്. ‘വ്യാകരണ സംവർഗങ്ങളുടെ പ്രയോഗവും പ്രകരണവും ബഷീർ കൃതികളിൽ' എന്ന വിഷയത്തിലാണ് അരൂർ സ്വദേശിയായ സി.ബി. വിഷ്ണുപ്രസാദ് (33) എം.ജി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്.
നിലവിൽ മരട് മാങ്കായിൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനാണ്. 99 ശതമാനം കാഴ്ചയില്ലാത്ത ഇദ്ദേഹം ബ്രെയിൻ ലിപിയിലാണ് പഠിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ അനേകം കൃതികൾ ഉൾക്കാഴ്ചയിലൂടെ നിരന്തരം അറിഞ്ഞാണ് പ്രബന്ധങ്ങൾ തയ്യാറാക്കിയത്. സർക്കാർ കോളജ് അദ്ധ്യാപകനായി ജോലി ലഭിക്കാനുള്ള എല്ലാ യോഗ്യതയും സംവരണവും ഉണ്ടായിട്ടും അവസരം ലഭിക്കുന്നില്ല എന്നതിൽ നിരാശയിലാണ് വിഷ്ണുപ്രസാദ്. ചങ്ങനാശേരി എസ്.ബി കോളേജ് മലയാളം വിഭാഗത്തിലെ ഡോ. ജോസഫ് സ്കറിയയുടെ കീഴിലാണ് വിഷ്ണു പ്രസാദ് 5 വർഷം ഗവേഷണം നടത്തിയത്. ചോമയിൽ ഇല്ലം വൈഷ്ണവത്തിൽ വനംവകുപ്പ് മുൻ ഉദ്യോഗസ്ഥൻ സി.വി. ബാലകൃഷ്ണന്റെയും രതീദേവിയുടെയും മകനാണ് വിഷ്ണുവിന് ഒരു സഹോദരിയുമുണ്ട്.