ജീവിതം അടിച്ചുപൊളിക്കലാണെന്ന് വിശ്വസിക്കുന്നില്ല: ടി. പദ്മനാഭൻ
തിരുവനന്തപുരം: ജീവിതം അടിച്ചുപൊളിക്കൽ ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് കഥയുടെ പെരുന്തച്ചൻ ടി.പദ്മനാഭൻ. വിശ്വാസങ്ങളും മൂല്യങ്ങളും കാലത്തിനനുസരിച്ച് മാറ്റിയിട്ടില്ലെന്നും ഇനിയും അവയെ മുറുകെപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ മലയാളം വിഭാഗം സന്ദർശിച്ച് ലൈബ്രറി മുറ്റത്ത് ഒത്തുകൂടിയ സദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. '18 വയസിൽ തുടങ്ങിയ എഴുത്ത് 94-ാം വയസിലും തുടരുന്നു. സത്യം, ധർമ്മം,ദയ എന്നിവയിലാണ് എന്നും വിശ്വസിക്കുന്നത്. ഇതുവരെ ആരെക്കൊണ്ടും അവതാരിക എഴുതിച്ചിട്ടില്ല. ജീവിതം അടിച്ചുപൊളിക്കൽ ആണെന്ന് വിശ്വസിക്കുന്നില്ല. നോവലെഴുതാൻ ക്ഷമ വേണം. ഞാൻ ഒട്ടും ക്ഷമയില്ലാത്ത ആളാണ്. എഴുതാൻ ഏറ്റവും ബുദ്ധിമുട്ടിയ കഥ ഗൗരിയാണ്. സ്നേഹത്തിന്റെ ആഴവും പരപ്പും മനസിലാക്കിത്തന്നവളെക്കുറിച്ചുള്ള ഗൗരിയുടെ തുടർച്ചയാണ് കടൽ എന്ന കഥ. ഞാൻ ഏറ്റവും മികച്ച എഴുത്തുകാരനായിരിക്കില്ല. പക്ഷേ, സ്ത്രീകളെ എന്നെപ്പോലെ മറ്റൊരു എഴുത്തുകാരനും ബഹുമാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.പദ്മനാഭനെ സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന പൊന്നാട അണിയിച്ചു. സി. റഹീം, അശോകൻ പി.യു, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. 'ടി.പദ്മനാഭന്റെ കഥാപ്രപഞ്ചം" എന്ന വിഷയത്തിലെ സെമിനാർ ലൈബ്രറി ഉപദേശക സമിതി അംഗം പ്രൊഫ.വി.എൻ.മുരളി ഉദ്ഘാടനം ചെയ്തു. പദ്മനാഭന്റെ കഥകളിലെ വിഷയ സ്വീകരണത്തിന്റെ പ്രത്യേകതകളും ആഖ്യാനരീതിയും സെമിനാറിൽ ചർച്ചചെയ്തു.