10 കോടി പ്രഖ്യാപനം, തോട്ടം തൊഴിലാളികൾ പ്രതീക്ഷയിൽ
പീരുമേട്: സംസ്ഥാന ബഡ്ജറ്റിൽ ലയങ്ങളുടെ നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചത് തോട്ടംമേഖലയിൽ വലിയ പ്രതീക്ഷ നൽകുന്നു. തേയില, ഏല തോട്ടങ്ങളിൽ പണി ചെയ്യുന്ന തൊഴിലാളികൾ ഇപ്പോഴും വാസയോഗ്യമല്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. പല ലയങ്ങളും ഇടിഞ്ഞു പൊളിഞ്ഞു. പീരുമേട് താലൂക്കിൽ എ.വി.ടി തോട്ടത്തിന്റെയും ഹാരിസൺ മലയാളത്തിന്റെയും ലയങ്ങൾ മാത്രമാണ് 50 വർഷത്തിൽ താഴെ പഴക്കമുള്ളത്. മറ്റ് തോട്ടങ്ങളിലെ ലയങ്ങൾ 60 വർഷത്തിലധികം കാലപ്പഴക്കം ഉള്ളവയാണ്. ചോർന്ന് ഒലിക്കുന്നതും പൊട്ടിപൊളിഞ്ഞതുമാണ്. ഇവ മാറ്റി പുതിയ ലയങ്ങൾ നിർമ്മിക്കാൻ വേണ്ടി തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാൻ തോട്ടം മാനേജ്‌മെന്റ് തയ്യാറല്ല. കഴിഞ്ഞകാലവർഷത്തിൽ ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റിലെ ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രാജുവിന്റെ ഭാര്യ പുഷ്പ മരിച്ചിരുന്നു. തുടർന്ന് സർക്കാരും തൊഴിൽ വകുപ്പും ലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനമെടുത്തെങ്കിലും ഒന്നും വേണ്ട വിധം നടപ്പിലായില്ല. ഇപ്പോഴും ചോർന്ന് ഒലിക്കുന്ന, വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, ചെറിയ ഒറ്റമുറിയും, അടുക്കളയുമുള്ള വീടുകളിലാണ് നാലും അഞ്ചും അംഗങ്ങൾ താമസിക്കുന്നത്. ബഡ്ജറ്റിൽ തുക വകയിരുത്തിയതോടെ ഇതിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തോട്ടം മേഖല.