കട്ടപ്പുറത്തേക്ക് കുതിച്ച് സ്വകാര്യ ബസ് മേഖല

Sunday 05 February 2023 1:19 AM IST
t

# യാത്രാനിരക്ക് കൂട്ടിയില്ലെങ്കിൽ സമരം

ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ ഡീസലിനും പെട്രോളിനും രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്തിയതോടെ ഉന്തിനു പിന്നാലെ ഒരു തള്ളും കൂടി കിട്ടിയെന്ന അവസ്ഥയിലായ സ്വകാര്യ, ടൂറിസ്റ്റ് ബസ് മേഖലയിൽ സമരകാഹളം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് സ്വകാര്യബസ് ഉടമകൾ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയിൽ 480 സ്വകാര്യ ബസുകളും 650 ടൂറിസ്റ്റ് ബസുകളുമുണ്ട്. ചെറിയ ട്രാവലറുകൾ വേറെയും. പിടിച്ചു നിൽക്കാനാകാതെ പലരും മേഖലയിൽ നിന്ന് പിൻവാങ്ങി തുടങ്ങി. ജില്ലയിൽ നിലവിൽ 300ൽ താഴെ ബസുകളാണ് സർവീസ് നടത്തുന്നത്. ബാക്കിയുള്ളവ കട്ടപ്പുറത്താണ്. ആലപ്പുഴ നഗരത്തിലെ 130 ബസുകളിൽ സർവീസ് നടത്തുന്നത് 100ൽ താഴെ എണ്ണം മാത്രം. ഹരിപ്പാട്, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ മേഖലകളിലെ കൂടുതൽ യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ബഡ്ജറ്റ് നിർദ്ദേശം ടൂറിസ്റ്റ് ബസുടമകൾക്ക് ഇടിത്തീയായി. ഏപ്രിൽ, മേയ് മാസങ്ങളിലെ വിവാഹ, വിനോദ സർവീസുകൾക്കായി ബുക്ക് ചെയ്യപ്പെട്ട ടൂറിസ്റ്റ് ബസുകളുടെ ഉടമകൾ നഷ്ടം സഹിക്കേണ്ടിവരും.

# 2000- 7000 നഷ്ടം

നിലവിലെ ഇന്ധനവില അടക്കം കണക്കുകൂട്ടിയാണ് ബുക്കിംഗ് നടത്തിയിട്ടുള്ളത്. ഇനി മാറ്റം വരുത്താനാവില്ല. വിനോദ, തീർത്ഥാടന സർവീസുകൾ മൂന്ന് മുതൽ ഏഴ് ദിവസം വരെയുണ്ടാവും. ഇപ്പോഴത്തെ ഡീസൽ വില അനുസരിച്ച് 2000 മുതൽ 7000 രൂപ വരെ ഓരോ ട്രിപ്പിനും നഷ്ടമാകും. 50 സീറ്റുള്ള എസി ടൂറിസ്റ്റ് ബസ് നിരത്തിലിറക്കണമെങ്കിൽ 75 ലക്ഷത്തിൽ അധികം വേണ്ടി വരും. ജനുവരി മുതൽ മേയ് വരെയാണ് ടൂറിസ്റ്റ് ബസുകളുടെ സീസൺ. ജൂൺ മുതൽ ഡിസംബർ വരെ വിവാഹ ചടങ്ങുകൾ മാത്രമാണ് പ്രധാന വരുമാന മാർഗ്ഗം.

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർദ്ധന അടിയന്തിരമായി വർദ്ധിപ്പിച്ചില്ലെങ്കിൽ സമരത്തിലേക്കു നീങ്ങും. ഇടതുമുന്നണി സർക്കാരിന് ചേർന്നതല്ല പുതിയ നികുതി നിർദ്ദേശങ്ങൾ

പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്‌പോർട്ട് അസോ. (കെ.ബി.ടി.എ)

ഡീസലിന് രണ്ടുരൂപ സെസ് ഏർപ്പെടുത്തിയത് ടൂറിസ്റ്റ് ബസ് മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. നിലവിലെ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മേയ് മാസങ്ങളിലേക്ക് ബുക്ക് ചെയ്ത ട്രിപ്പുകൾക്ക് വലിയ നഷ്ടം സഹിക്കേണ്ടിവരും

പ്രശാന്ത്, പ്രജോമ ടൂറിസ്റ്റ് ബസ് ഉടമ

Advertisement
Advertisement