'പൊടി'നിറഞ്ഞ പരാതി; പുത്തനുടുപ്പ് സമ്മാനം!
Sunday 05 February 2023 12:20 AM IST
ആലപ്പുഴ: ബീച്ചിനു സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പൊടിശല്യം കാരണം, അലക്കിയിടുന്ന യൂണിഫോമും മറ്റു വസ്ത്രങ്ങളുമെല്ലാം വേഗം ചീത്തയാവുന്നു എന്ന സങ്കടവുമായി കളക്ടറുടെ മുന്നിലെത്തിയ അഞ്ചാംക്ളാസുകാരിക്ക് 'കളക്ടർ മാമൻ' വക പുതുപുത്തൻ ഉടുപ്പ് സമ്മാനം. ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്നാണ് വിദ്യാർത്ഥിനി പരാതിയുമായി കളക്ടർ കൃഷ്ണതേജയ്ക്കു മുന്നിലെത്തിയത്. പരാതി വിശദമായി കേട്ട കളക്ടർ പരിഹാര മാർഗങ്ങളും അവതരിപ്പിച്ചു. തുടർന്നാണ് പുതിയ വസ്ത്രം വാങ്ങി നൽകിയത്. കളക്ടറുടെ ക്യാമ്പ് ഹൗസിൽ വച്ച് ഇവ കൈമാറി.